കുംബ്ലെയുടെ ഗൂഗ്ലി; ആരാധകരുടെ യുവി ഇന്ത്യന്‍ നായകനായേക്കും; രോഹിത്തിനും സാധ്യത

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പടലപ്പിണക്കങ്ങള്‍ പുതുയ വഴിത്തിരിവില്‍. നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞ് പരിശീലകസ്ഥാനം ഉപേക്ഷിച്ച് അനില്‍കുംബ്ലെ പടിയിറങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. രാജിയെന്ന കുംബ്ലെയുടെ ടൈമിംഗ് തെറ്റാത്ത ഗൂഗ്ലിക്കുമുന്നില്‍ വിരാടിന് അടിതെറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ തന്നെ ശിഖര്‍ ധവാനടക്കമുള്ള സീനിയര്‍ താരങ്ങളുമായി അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്ന വിരാട്, കുംബ്ലെയുടെ രാജിയോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉപനായകന്‍ അജിങ്ക്യാ രഹാനയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും കളിപ്പിക്കാത്തതും കോഹ്ലിയ്‌ക്കെതിരെ പാളയത്തിലെ പടയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഇതിഹാസ താരങ്ങള്‍ വരെ ഇന്ത്യന്‍ നായകനെതിരെ നിലപാട് കടുപ്പിക്കുകയാണ്. അനില്‍ കുംബ്ലെയോടുള്ള സൗഹൃദത്തിനപ്പുറം കുംബ്ലെ ചൂണ്ടികാട്ടിയ വിഷയങ്ങള്‍ ഗൗരവമുള്ളതാണെന്ന വിലയിരുത്തലിലാണ് അവര്‍. ബി സി സി ഐയിലും സെലക്ഷന്‍ കമ്മിറ്റിക്കിടയിലും കോഹ്ലിക്കെതിരായ വികാരം ശക്തിപ്പെടുകയാണ്.

നായകമികവില്ലെന്ന വിമര്‍ശനം കോഹ്ലിക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്നിട്ടുമുണ്ട്. നിര്‍ണായ സമയങ്ങളില്‍ കോഹ്ലിയുടെ തീരുമാനങ്ങള്‍ ഇന്ത്യക്ക് തിരിച്ചടിയായിട്ടുള്ളതും ഇവര്‍ ചൂണ്ടികാട്ടുന്നു. താരതമ്യേന ദുര്‍ബലരായ കരീബിയന്‍സിനെതിരായ പരമ്പര കോഹ്ലിയെ സംബന്ധിച്ചടുത്തോളം അത്ര നിര്‍ണായകമല്ല. എന്നാല്‍ പരമ്പരയില്‍ തിരിച്ചടിയേറ്റാല്‍ അത് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി മാറ്റണമെന്ന ശബ്ദത്തിന് കരുത്തുപകരും.

ഇപ്പോള്‍ തന്നെ കോഹ്‌ലിയെ മാറ്റി ധോണിയെ നായകനാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. യുവരാജ് സിംഗ് നായകനാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ എന്നിവരുടെ പേരുകളും നായകസ്ഥാനത്തിനായി സജീവമാണ്.

ധോണി നായകസ്ഥാനത്തേക്ക് മടങ്ങിയെത്തില്ലെന്ന കാര്യം ഏറക്കുറെ ഉറപ്പാണ്. ഇക്കാര്യത്തില്‍ ധോണി നിലപാട് മാറ്റില്ലെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്തനായ മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പേരിനാണ് മുന്‍തൂക്കം. 2011 ലെ ലോകകപ്പ് ടീം ഇന്ത്യയ്ക്ക് സമ്മാനിച്ചതില്‍ നിര്‍ണായകമായ യുവിയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായ പടിയിറക്കത്തിന് അവസരമൊരുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

പാകിസ്താന്‍ ക്രിക്കറ്റിന് പുതിയ കുതിപ്പ് നല്‍കിയ മിസ്ബ ഉള്‍ ഹഖിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണ രംഗത്ത് നിര്‍ണായകമായ സൗരവ് ഗാംഗുലിക്ക് യുവിയുമായുള്ള അടുപ്പം കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും വിലയിരുത്തലുണ്ട്. ഗാംഗുലി പകര്‍ന്നു നല്‍കിയ പുതിയ ആവേശത്തിന്റെ തുടര്‍ച്ചയ്ക്ക് യുവിയാണ് നല്ലതെന്നും അവര്‍ പറയുന്നു.

മുംബൈ ഇന്ത്യന്‍സിനെ മികവുറ്റ രീതിയില്‍ നയിക്കാനായതാണ് രോഹിത് ശര്‍മ്മയ്ക്ക് സാധ്യത നല്‍കുന്നത്. കളിക്കളത്തിലെ മാന്യമായ ഇടപെടലുകളും പക്വതാപരമായ പെരുമാറ്റവും രോഹിതിന് അനുകൂല ഘടകമാണ്. അതേസമയം ഇടയ്ക്കിടെയുണ്ടാകുന്ന ഫോം നഷ്ടമാണ് രോഹിതിന്റെ സാധ്യതകള്‍ക്ക് വിലങ്ങ് തടിയാകുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിര്‍ണായകമായ അവസാനമത്സരത്തില്‍ ഇന്ത്യക്ക് ആവേശജയം സമ്മാനിക്കാനായതാണ് രഹാനെയ്ക്ക് സാധ്യത നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെ അവരുടെ വൈറ്റ് വാഷ് ചെയ്ത് പരമ്പര സ്വന്തമാക്കിയതും രഹാനെയുടെ നായകശേഷി വിളിച്ചുപറയുന്നതാണെന്നും ചൂണ്ടികാട്ടലുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News