ജനപങ്കാളിത്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്

കോട്ടയം: കോട്ടയം ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. ജനപങ്കാളിത്തതോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയാണ് പനി നിയന്ത്രിക്കാന്‍ കോട്ടയം ജില്ലയ്ക്കായത്. അതേസമയം, പനിഭീതി പടര്‍ത്തി സാധാരണക്കാരില്‍ നിന്ന് പണം തട്ടുന്ന സ്ഥിതിയും ആരോഗ്യ മേഖലയിലുണ്ടെന്നും വിദഗ്ദരുടെ മുന്നറിയിപ്പ്.

മലയോരവും കായലോരവും ഇടകലര്‍ന്ന കോട്ടയം ജില്ലയില്‍ പ്രധാനമായും എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവ പടരാനാണ് സാധ്യത കൂടുതല്‍. പക്ഷെ മഴക്കാല പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചപ്പനി സാധ്യതകള്‍ വന്‍തോതില്‍ കുറയ്ക്കാനായി. ജനുവരി മുതലുള്ള കണക്കുകള്‍ അനുസരിച്ച് എലിപ്പനി ബാധിച്ചവര്‍ കേവലം 28 പേര്‍ മാത്രം. ഡെങ്കിപ്പനി ബാധിതര്‍ 180, സംശയിക്കുന്നവര്‍ 254, എച്ച് വണ്‍ എന്‍ വണ്‍ ബാധിതര്‍ 49.

മഴക്കാലമായതിനാല്‍ പനി ബാധിച്ച് ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 41974ആണ്. മുന്‍ വര്‍ഷങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ കണക്കുകളില്‍ ആശങ്കപ്പെടാനില്ല. അതേസമയം പനിഭീതി പടര്‍ത്തി പണം തട്ടുന്ന സ്ഥിതിയും ആരോഗ്യ മേഖലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും കോട്ടയം ഡിഎംഒയുമായ ഡോ ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പനി ക്ലിനിക്കുകള്‍ തുറന്നു. മരുന്ന് ക്ഷാമമില്ല. വരുംദിവസങ്ങളില്‍ മണ്ഡലം, തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പണം തടസ്സമാകില്ലെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനംവന്യജീവി ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണം ഉള്‍പ്പെടയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിലും 25000 രൂപ വീതം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ശൂചീകരണരോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാം. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക സര്‍ക്കാര്‍ പിന്നീട് തിരിച്ച് നല്‍കും.

പനി ചികിത്സക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനേയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതലായി നിയമിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ തുകയും പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തന രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയായി ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം നേരിടുന്നതിന് ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും പ്രത്യേക ക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൊതുകു വല ആവശ്യമെങ്കില്‍ രോഗികള്‍ക്കായി അവ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മഴക്കാല രോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ജൂണ്‍ 26ന് പ്രത്യേക യോഗം ചേരും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുന്നതിന് പഞ്ചായത്തുകളിലും നഗരസഭകളിലും ഇത്തരത്തില്‍ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജൂണ്‍ 27, 28, 29 തീയതികളില്‍ ജില്ലയില്‍ വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ ശുചീകരണത്തില്‍ പങ്കാളികളാക്കും. എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്, സ്റ്റുഡന്‍സ് പോലീസ് വിഭാഗങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ഉറപ്പുവരുത്തും.

മാലിന്യം നിറഞ്ഞ കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. കെ ആശ, സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ല കളക്ടര്‍ സി.എ ലത, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ടി.എന്‍ റഷീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി പാമ്പാടി, എ.ഡി.എം കെ. രാജന്‍, ഡി.എം.ഒ ജേക്കബ് വര്‍ഗ്ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്രിയാത്മക ഇടപെടലുമായി ഹോമിയാ വിദഗ്ധര്‍

കൊല്ലം: ജില്ലയില്‍ പനി പ്രതിരോധത്തില്‍ ക്രിയാത്മക ഇടപെടലുമായി ഹോമിയാ ഡോക്ടര്‍മാര്‍. ജില്ലയില്‍ കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തഴവയിലും കൊല്ലം കിളികൊല്ലൂരിലും ഉള്‍പ്പടെ 70 മെഡിക്കല്‍ ക്യാമ്പുകളിലുടെ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. മഞ്ഞപിത്തവും ഇപ്പോഴത്തെ പനിയിലൂടെ ഉണ്ടാകുന്നുവെന്ന് ഹോമിയോ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.

കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി, പുനലൂര്‍ താലൂക്കാശുപത്രികളിലെ പനി ബാധിതരുടെ രോഗലക്ഷണങള്‍ വിലയിരുത്തിയാണ് റീച്ചിന്റെ നേതൃത്വത്തില്‍ ഹോമിയോ മരുന്ന് ജീനസ്സ് എപ്പിഡമിക്ക് വികസിപ്പിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തഴവയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷര്‍ത്താക്കള്‍ക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നു ജൂണ്‍ മാസത്തില്‍ മാത്രം 70 തോളം മെഡിക്കല്‍ ക്യാമ്പുകളും നടത്തി.ഹോമിയോ ആശുപത്രികളില്‍ പനി ക്ലീനിക്കുകള്‍ക്കൊപ്പം കിടത്തി ചികിത്സയും ആരംഭിച്ചു.

ഡങ്കി റിപ്പാര്‍ട്ട് ചെയ്യപ്പെട്ടവരില്‍ മഞ്ഞപിത്തവും രോഗലക്ഷണങളായി കണ്ടുവരുന്നുവെന്ന് കൊല്ലം ഹോമിയോ ഡിഎംഒ അറിയിച്ചു. മാലിന്യങ്ങളും മനുഷ്യവിസര്‍ജ്ജ്യങ്ങളും തള്ളപ്പെട്ടതിനാലാണ് തഴവയില്‍ കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും മാലിന്യങള്‍ ശാസ്ത്രീയമായി സംസ്‌കാരിക്കുകയാണ് ഏക പോം വഴിയെന്നും സൂപ്രണ്ട് വ്യക്തമാക്കി. പൊതുജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അംഗനവാടികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രതിരോധ മരുന്നു വിതരണം തുടങ്ങിയതായും ഡിഎംഒ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ട് 5 ലക്ഷത്തിനു പുറമെ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുടെ ഫണ്ടും പനി പ്രതിരോധത്തിനുപയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News