ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞിയ്ക്ക് മുമ്പില്‍ തലകുനിക്കാന്‍ തയ്യാറാവാതെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. ബുധനാഴ്ച പ്രസംഗിക്കാനായി രാജ്ഞി എത്തിയപ്പോഴാണ് ഈ ചരിത്രസംഭവം.
രാജ്ഞി പാര്‍ലമെന്റിലേക്ക് പ്രവേശിച്ച ഉടന്‍ സ്പീക്കറും കണ്‍സര്‍വേറ്റീവ് നേതാവ് തെരേസാ മേ തുടങ്ങി എല്ലാവരും ബഹുമാനസൂചകമായി തലകുനിച്ചു. എന്നാല്‍ ജെറമി കോര്‍ബിന്‍ മാത്രം തലയുയര്‍ത്തി നിന്നു. ഇത്തരമൊരു പ്രോട്ടോക്കോള്‍ നിലവിലില്ലെന്നാണ് ലേബര്‍ പാര്‍ട്ടി സംഭവത്തില്‍ പ്രതികരിച്ചത്. എംപിമാര്‍ക്കുവേണ്ടി സ്പീക്കര്‍ വണങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, കോര്‍ബിന്റെ നടപടിയെ ‘ദേശത്തിന് അപമാനം’ എന്നാണ് ബ്രിട്ടീഷ് പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും കോര്‍ബിനെതിരെ പ്രതിഷേധം ശക്തമായി. എന്നാല്‍ കോര്‍ബിനും പാര്‍ട്ടിയും തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്.
മുന്‍പ് പ്രിവി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തും കോര്‍ബിന്‍ രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാന്‍ തയ്യാറായിരുന്നില്ല. 2015ല്‍ ഒരു സ്മരണാ ചടങ്ങില്‍ ദേശീയഗാനം ആലപിക്കാത്തതിന്റെ പേരിലും കോര്‍ബിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here