നടിയെ ആക്രമിച്ച കേസ്; ജിന്‍സന്റെ മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ല; സംഭവത്തില്‍ ഗൂഢാലോചന

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി. ജിന്‍സണ്‍ പെരുമ്പാവൂര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സിനിമാ പ്രവര്‍ത്തകരുടെ പേരുകളില്ലെന്നും സൂചനയുണ്ട്.

ജയിലില്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും നിരവധി പ്രമുഖരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചു. ഫോണ്‍ വിളിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നില്ലെന്നും ജിന്‍സണ്‍ വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ജിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന കത്ത് പള്‍സര്‍ പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് സുനി കത്ത് പുറത്ത് വിട്ടത്.

ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരും പിടിയിലായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here