വീറോടെ പെണ്‍പുലികള്‍; വനിതാ ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ തോല്‍വി മറക്കാം. ഇനിയുള്ള ഒരു മാസകാലം ക്രിക്കറ്റ് ലോകത്തെ പെണ്‍പോരിന് കാതോര്‍ക്കാം. ഐസിസി വനിതാ ലോകകപ്പിന് ഡാര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ ഇന്നു തുടക്കമാകുമ്പോള്‍ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയെ നേരിടും.ചതുര്‍രാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. നൂറു മല്‍സരങ്ങളില്‍ ടീമിനെ നയിച്ച മൂന്നാമത്തെ വനിതാ ക്രിക്കറ്ററായ ക്യാപ്റ്റന്‍ മിതാലി രാജില്‍തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.

തുടര്‍ച്ചയായി ആറ് അര്‍ധ സെഞ്ചുറികളുമായി റെക്കോര്‍ഡിട്ട് നില്‍ക്കുന്ന മിതാലി ഉജ്വല ഫോമിലാണ്. ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് കുറിച്ച ദീപ്തി ശര്‍മ പൂനം റാവത്ത് ഓപ്പണിങ് സഖ്യവും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. അയര്‍ലന്‍ഡിനെതിരെ 320 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മുന്നൂറു കടന്ന ആദ്യ ബാറ്റിങ് കൂട്ടുകെട്ടായിരുന്നു അത്.സ്മൃതി മന്ഥന, മോന മെഷ്‌റാം, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കരുത്തു പകരുന്നു. ബോളിങ്ങില്‍ വനിതാ ക്രിക്കറ്റിലെ വിക്കറ്റ് നേട്ടത്തിന്റെ റെക്കോര്‍ഡ് പേരിലുള്ള ജുലന്‍ ഗോസ്വാമിയാണ് ഇന്ത്യയുടെ ആയുധം.

കഴിഞ്ഞ 17 മല്‍സരങ്ങളില്‍ 16ലും ജയം കുറിച്ച ഇന്ത്യയ്ക്ക് ഒത്ത എതിരാളികളാണ് ഇംഗ്ലണ്ടും.ജൂലായ് 23ന് ലോര്‍ഡ്‌സിലാണ് ഫൈനല്‍.കന്നി ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയില്‍ നടന്ന ലോകകപ്പ് ക്വാളി ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയ ജൂലന്‍ ഗോസ്വാമിയും ഏക്താ ബിഷ്തും ശിഖാ പാണ്ഡേയുമൊക്കെ ഉള്‍പ്പെട്ടെ ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ന്യുസിലാന്‍ഡിനോട് തോല്‍വി വഴങ്ങിയെങ്കിലും അത് തങ്ങളെ ബാധിക്കുന്നില്ലെന്ന നിലപാടിലാണ് മിതാലിയും സംഘവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News