പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ കൂടെക്കിടക്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടുവെന്ന് പരാതിപ്പെട്ട യുവതി അറസ്റ്റില്‍; ഫോണ്‍ സംഭാഷണം യുവതിയും കാമുകനും തമ്മിലുള്ളതെന്ന് പൊലീസ്

ലഖ്‌നൗ: ബലാത്സംഗം ചെയ്തവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ കൂടെക്കിടക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി നല്‍കിയ യുവതി അറസ്റ്റില്‍. രാംപൂരിലാണ് മുപ്പത്തിയേഴുകാരി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ യുവതി പരാതിയുമായി രംഗത്തെത്തി. തന്നെ ബലാത്സംഗം ചെയ്തവരെ അറസ്റ്റു ചെയ്യണമെങ്കില്‍ കൂടെ കിടക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു യുവതിയുടെ പുതിയ പരാതി. അന്വേഷണ ഉദ്യോഗസ്ഥനും യുവതിയും തമ്മിലുളള സംഭാഷണം അടങ്ങിയ സിഡിയും യുവതി പരാതിക്കൊപ്പം ഹാജരാക്കി.

എന്നാല്‍ യുവതി സംസാരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനുമായല്ല, മറിച്ച് യുവതിയുടെ കാമുകനുമായാണെന്നാണ് പൊലീസിന്റെ വാദം. ഇതിനെ തുടര്‍ന്നാണ് യുവതിയേയും കാമുകനേയും അറസ്റ്റു ചെയ്തതെന്ന് പൊലീസ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് അറിയിച്ചു. എന്നാല്‍ സിഡി ഇതു വരെ പൊലീസ് ശാസ്ത്രീയ പരിശോധനക്കയച്ചിട്ടില്ല.

‘സിഡി പരിശോധനയ്ക്ക് അയക്കേണ്ട കാര്യമില്ല. ഞങ്ങള്‍ കണ്ടെടുത്ത ഫോണില്‍ നിന്നാണ് ഫോണ്‍വിളി നടന്നിരിക്കുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞു. യുവതിയും കാമുകനും തമ്മിലാണ് സംഭാഷണം നടത്തുന്നത്.’-സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന രാംപൂര്‍ എസ്പി വിപിന്‍ ടാഡ പറഞ്ഞു.

യുവതിക്കും കാമുകനുമൊപ്പം തിരിച്ചറിയാത്ത ഒരു അഭിഭാഷകനെ കൂടി പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത് അഭിഭാഷകരില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ‘അഭിഭാഷകനെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത് പൊലീസ് തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇക്കാര്യം ഞങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തും’-യുപി ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ മഹബൂദ് ഖാന്‍ പറഞ്ഞു.

ബന്ധുവിനെ കണ്ടു വരുമ്പോള്‍ ഫെബ്രുവരി 12നാണ് പെണ്‍കുട്ടി രാംപൂരില്‍ വച്ച് ബലാത്സംഗത്തിനിരയാവുന്നത്. രണ്ടു പേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News