വീണ്ടും ബാങ്കുകളുടെ ലയനം; കനറ ബാങ്കുമായി വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ലയിപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ കനറ ബാങ്കുമായി വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ലയിപ്പിക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിഞ്ഞാല്‍ ലയനനിര്‍ദേശം മുന്നോട്ടുവെക്കും. ഇതോടെ സ്റ്റേറ്റ് ബാങ്ക് ലയനത്തിനു പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ മറ്റൊരു വലിയ ലയനമാണ് നടപ്പാകുക.

രണ്ടുഘട്ടമായി ലയനം പൂര്‍ത്തിയാക്കാനാണ് ആലോചന. ആദ്യഘട്ടം താരതമ്യേന ചെറിയ ദേശസാല്‍സാല്‍കൃത ബാങ്കുകളായ വിജയയും ദേനയും തമ്മില്‍ ലയിക്കും. രണ്ടാം ഘട്ടംഈ ബാങ്കിനെ കനറയുമായി ലയിപ്പിക്കും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കനറ.

ബാങ്കുകളുടെ സമൂലമായ പൊളിച്ചെഴുത്തിനാണ് ലയനപദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടൊപ്പം അവയെ സ്വകാര്യവല്‍ക്കരിക്കാനും, സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കാനുമാണ് ആത്യന്തികമായി ശ്രമിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങളാണ് മിന്നല്‍വേഗത്തില്‍ നടക്കുന്നത്. ഇതിന്റെ ആദ്യപരീക്ഷണമായിരുന്നു എസ്ബിഐയുടെയും അഞ്ച് അസോസിയറ്റ് ബാങ്കുകളുടെയും ലയനം.

സ്റ്റേറ്റ് ബാങ്ക് ലയനമാതൃകയില്‍ രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് അഞ്ച് കൂറ്റന്‍ ബാങ്കാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ മുഖ്യ ബാങ്കുകളായി നിലനിര്‍ത്തി ഇതരബാങ്കുകളെ ഇവയിലേതെങ്കിലുമൊന്നില്‍ ലയിപ്പിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗിന് നല്‍കിക്കഴിഞ്ഞു.

പൊതുമേഖലാ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച മാതൃകയില്‍ സ്വകാര്യമേഖലയിലെ ബാങ്കുകളെയും ലയിപ്പിക്കാന്‍ പദ്ധതിയുണ്ട്. സ്വകാര്യബാങ്കുകള്‍ തമ്മിലുള്ള ലയനം താരതമ്യേന ഏളുപ്പമാണ്. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ ചിട്ടവട്ടങ്ങള്‍ അതിനില്ല. ഡയറക്ടര്‍ ബോര്‍ഡുകള്‍ പരസ്പരം ലയിക്കാന്‍ താല്‍പ്പര്യപ്പെട്ടാല്‍ അനുമതി നല്‍കേണ്ട ബാധ്യത മാത്രമേ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനുമുള്ളൂ. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊടക് മഹീന്ദ്ര എന്നീ ബാങ്കുകളുമായി രാജ്യത്തെ സ്വകാര്യ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ലയനത്തിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൊതുമേഖലയിലെ വലിയ ബാങ്കാക്കിയപോലെ സ്വകാര്യമേഖലയിലും ഒരു കൂറ്റന്‍ ബാങ്കുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനുതകുംവിധം സ്വകാര്യ ബാങ്കുകളില്‍ ആന്തരികമായ മാറ്റങ്ങള്‍ വന്നുതുടങ്ങി.

ഇന്ത്യയില്‍ത്തന്നെ മികച്ച സ്വകാര്യബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിനെപ്പോലും ലയനസജ്ജമാക്കിക്കൊണ്ടിരിക്കയാണ്. സ്വന്തമായി നിലനില്‍ക്കാനും തനതു രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നേറാനും ശേഷിയുള്ള ഫെഡറല്‍ ബാങ്കിനെ നവസ്വകാര്യ ബാങ്കിന്റെ ഉള്ളടക്കത്തിലേക്ക് മാറ്റിക്കഴിഞ്ഞു. കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരി കനേഡിയന്‍ കമ്പനിക്ക് നല്‍കാനുള്ള അനുമതിയും നടപടിക്രമങ്ങളും പുരോഗമിക്കുന്നു. സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മുഖാന്തരം ബാങ്ക് വായ്പകളും ബിസിനസും പുറംകരാര്‍ വ്യവസ്ഥയിലാക്കി. ഈ ബാങ്കുകളെയെല്ലാം അനുയോജ്യമായ അവസരത്തില്‍ ഏതെങ്കിലും നവസ്വകാര്യ ബാങ്കില്‍ ലയിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here