പ്രസിഡന്റിനെ അപമാനിച്ച് മോദിയും മന്ത്രിമാരും; രാഷ്ട്രപതി സംഘടിപ്പിച്ച ഇഫ്താറില്‍ മന്ത്രിസഭയിലെ ഒരാള്‍ പോലും പങ്കെടുത്തില്ല; എന്തുകൊണ്ട് വിട്ടുനിന്നുവെന്ന് വിശദീകരിക്കണമെന്ന് സീതാറാം യെച്ചൂരി

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും. കഴിഞ്ഞദിവസം രാത്രിയാണ് രാഷ്ട്രപതി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍ പോലും വിരുന്നില്‍ പങ്കെടുക്കാത്തത് വിവാദമായി. ഇത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍, പ്രധാനമന്ത്രി എന്നിവര്‍ രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കേണ്ടതാണ്. അല്ലെങ്കില്‍ പ്രതിനിധികളെ അയക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അതെല്ലാം ലംഘിക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ ഇഫ്താര്‍ സംഗമം ഇത്തരത്തില്‍ നടക്കുന്നത്.

മുന്‍ പ്രധാനമന്ത്രിമാരും മുന്‍കേന്ദ്രമന്ത്രിമാരും രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുമായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രണബിന്റെ വിരുന്നില്‍ നിന്ന് എന്തുകൊണ്ട് വിട്ടുനിന്നുവെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മുഹ്‌സിന കിദ്വായി, ഇന്ത്യാ ഇസ്‌ലാമിക് സന്റെര്‍ മേധാവി സിറാജുദ്ദീന്‍ ഖുറൈശി, നടന്‍ അമീര്‍ റാസ, ഹുസൈന്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.

പ്രണബിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം വിളിക്കുന്ന അവസാനത്തെ ഇഫ്താറായിരുന്നു കഴിഞ്ഞദിവസം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News