കേരള പൊലീസ് മിനിറ്റുകള്‍ വൈകിയിരുന്നെങ്കില്‍ ആ പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍; നിരവധി മലയാളി പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്ലെന്ന് സംശയം; ഫോണില്‍ നഗ്‌നചിത്രങ്ങളും വീഡിയോകളും

കൊച്ചി: ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍ ആയിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പൊലീസ് നടപടി അല്‍പം വൈകിയിരുന്നുവെങ്കില്‍ നോയിഡയിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ പെണ്‍കുട്ടി എത്തുമായിരുന്നു. പ്രതിക്കായി മണിക്കൂറുകള്‍ക്കകം ദില്ലിയില്‍ നിന്നും അഭിഭാഷകന്‍ പറന്നെത്തിയും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.

കൊച്ചിയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നോയിഡയിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി ലക്കി ശര്‍മ്മ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വലയിലാക്കി തട്ടിക്കൊണ്ടു പോകുന്ന നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ഏജന്റാണ് ഇയാളെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. മിനിറ്റുകളുടെ വ്യത്യാസത്തിനാണ് പെണ്‍കുട്ടിയെ നോയിഡയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപെടുത്താന്‍ കേരള പൊലീസിന് കഴിഞ്ഞത്. പെണ്‍കുട്ടിയെ നാലു ദിവസമായി ലൈംഗികമായി ഉപയോഗിച്ചു വരുകയായിരുന്ന പ്രതി പിറ്റേന്ന് പുലര്‍ച്ചെ സംഘത്തിന് കൈമാറാന്‍ തീരുമാനിച്ചിരുന്നു.

പെണ്‍വാണിഭ സംഘത്തെ കാത്തിരുന്ന പ്രതിക്ക് മുന്നിലെത്തിയത് കേരള പൊലീസിന്റെ അന്വേഷണസംഘമായിരുന്നു. ഉത്തര്യേന്ത്യന്‍ പൊലീസിലും അധികാര കേന്ദ്രങ്ങളിലും വലിയ സ്വാധീനമുണ്ട് പെണ്‍വാണിഭ സംഘത്തിന്. പ്രതിയെ പിടികൂടാന്‍ കേരളത്തില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് നോയിഡ പാലീസിന്റെ ഒരു സഹായവും ലഭിച്ചില്ല. സാഹസികമായാണ് കേരള പൊലീസ് സംഘം പ്രതിയെ കീഴടക്കിയത്. മാത്രവുമല്ല, പ്രതിയെ കേരളത്തില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കകം ദില്ലിയില്‍ നിന്നും പ്രമുഖ അഭിഭാഷകന്‍ പ്രതിക്കായി കേരളത്തില്‍ എത്തിയതും പെണ്‍വാണിഭ സംഘത്തിന്റെ ഉന്നതബന്ധം സ്ഥിരീകരിക്കുന്നതായി.

കേരളത്തില്‍ നിന്നടക്കം നിരവധി പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍ പെട്ടതായും പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോണില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സമീപകാലത്ത് കേരളത്തില്‍ നിന്നും പെണ്‍കുട്ടികള്‍ കാണാതായ സംഭവങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി പ്രതി മഹേഷ് എന്ന ലക്കി ശര്‍മ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പീപ്പിള്‍ ടിവി യോട് പറഞ്ഞു.

കൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവവുമായ ബന്ധപ്പെട്ട അന്വേഷണമാണ് നിര്‍ണ്ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതിയെ വലയിലാക്കാനും കഴിഞ്ഞെങ്കിലും സംഘത്തിലെ മറ്റ് കണ്ണികളിലേക്കെത്താന്‍ പൊലീസിന് ആയിട്ടില്ല. ഇതിനായി ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് കേരള പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News