നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മാനേജറും വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്; പുറത്തുവന്നത് ഒന്നര കോടി ആവശ്യപ്പെടുന്ന സംഭാഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത്. കേസില്‍ ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നര കോടി രൂപ വേണമെന്ന് ആവശ്യപ്പെടുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഒരു മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം ആരംഭിക്കുന്നത് ഞാന്‍ വിഷ്ണു, പള്‍സര്‍ സുനിയുടെ സുഹൃത്ത്, ജയിലില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നരക്കോടി രൂപ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കൈമാറണമെന്ന് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സുനിയുടെ കത്ത് കിട്ടിയോ, അത് വായിക്കണമെന്നും, വായിക്കാന്‍ ദിലീപിനോട് പറയണമെന്നും വിഷ്ണു ആവശ്യപ്പെടുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോ, എവിടെ വേണമെങ്കിലും കേസ് കൊടുത്തോ എന്നുമായിരുന്നു ദിലീപിന്റെ മാനേജരുടെ മറുപടി. ഇനി മേലില്‍ വിളിക്കരുതെന്ന് പറഞ്ഞാണ് അപ്പുണ്ണി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. പള്‍സര്‍ സുനിയും കൂട്ടാളികളും നാദിര്‍ഷായുമായും ദിലീപിന്റെ മാനേജരുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് മാത്രമാണ് പുറത്ത് വന്നത്.

വിഷ്ണുവിന്റെ ഭീഷണിക്കെതിരെ ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പേരു പറയുമെന്നായിരുന്നു വിഷ്ണുവിന്റെ ഭീഷണി. വിഷ്ണു ഭീഷണിപ്പെടുത്തുന്ന ഓഡിയോ ടേപ്പും, ദിലീപും നാദിര്‍ഷയും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നു.

ദിലീപിനെതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായി പരാതിയില്‍ പറയുന്നു. ദിലീപിന്റെ പേര് പറയാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തി. ഭീഷണിക്ക് പിന്നില്‍ സിനിമാ രംഗത്തെ പ്രമുഖതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണെന്നും വിഷ്ണു പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തിയിരുന്നു.


ഭീഷണിയെക്കുറിച്ച് നാദിര്‍ ഷാ പറയുന്നു:

ഒരാള്‍ വിളിച്ചു നേരിട്ടുകാണണമെന്ന് പറഞ്ഞു. കഥ പറയാനാണെന്ന് കരുതി ഒഴിവാക്കാന്‍ നോക്കി.അപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞു. നടിയുടെ കേസിന്റെ പ്രശ്നമാണെന്നു പറഞ്ഞു. പന്തികേട് തോന്നി കട്ടാക്കി. വീണ്ടും വിളിച്ചപ്പോള്‍ സുഹൃത്തിന്റെ ഫോണില്‍ നിന്ന് തിരിച്ചുവിളിച്ചു. സംഭാഷണം രേഖയാക്കി.

വിഷ്ണു എന്നാണ് അയാള്‍ പറഞ്ഞത്. ‘ദിലീപ് പലരുടെയും ടാര്‍ജെറ്റാണ്. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്നറിയാം.’ എന്നൊക്കെ ആദ്യം പറഞ്ഞു. ആരാണ് കുടുക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ട്. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ഒട്ടും വിശ്വസനീയമാകാത്ത കാര്യങ്ങള്‍. ‘ദിലീപിന്റെ പേര് പറഞ്ഞാല്‍ കാശുതരാം എന്ന് പറയുന്നുണ്ട്. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട് ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ് ചേട്ടന്‍ കാശുതരണം.’ എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ് വിളിച്ചതെന്നും പറഞ്ഞു.

ഓഡിയോ ക്ലിപ്പ് ദിലീപിന് അയച്ചുകൊടുത്തു. ദിലീപ് ഡിജിപിയ്ക്ക് അത് കൈമാറുകയും ചെയ്തു. 

ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News