സംഘപരിവാര്‍ വാദങ്ങള്‍ പൊളിയുന്നു; ജുനൈദിനെ കൊലപ്പെടുത്തിയത് ബീഫ് കഴിക്കുന്നവരായത് കൊണ്ടെന്ന് പ്രതിയുടെ കുറ്റസമ്മതം; ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയത് സുഹൃത്തുക്കള്‍

ദില്ലി: ട്രെയിനില്‍ മുസ്ലീം യുവാക്കളെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സംഘപരിവാര്‍ അനുഭാവികളുടെയും പൊലീസിന്റെയും വാദങ്ങള്‍ പൊളിയുന്നു. സംഭവത്തില്‍ അറസ്റ്റിലായ രമേശ് എന്നയാളുടെ മൊഴിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകമായത്.

ബീഫ് കഴിക്കുന്നവരായത് കൊണ്ടാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് രമേശ് പറയുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് മുസ്ലീംയുവാക്കള്‍ ബീഫ് കഴിക്കുന്നവരാണെന്ന് പറഞ്ഞത്. യുവാക്കളെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്തതും അവരാണ്. ആ സമയം താന്‍ മദ്യലഹരിയിലായിരുന്നു. തനിക്കൊപ്പം സുഹൃത്തുക്കളും യുവാക്കളെ ആക്രമിച്ചുവെന്നും രമേശ് പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെയും സംഘപരിവാറിന്റെയും അവകാശവാദം. എഫ്‌ഐആറിലും ബീഫിന്റെ കാര്യം പ്രതിപാദിക്കുന്നില്ല. ഇതാണ് രമേശിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.

കഴിഞ്ഞദിവസമാണ് ബീഫ് കൈയില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെയും സഹോദരങ്ങളെയും രമേശും സംഘവും ആക്രമിച്ചത്. അക്രമണത്തില്‍ ജുനൈദ് കൊല്ലപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹാഷിം, ഷക്കീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈദ് ആഘോഷങ്ങള്‍ക്കായി തുഗ്ലക്കാബാദില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെയായിരുന്നു ആക്രമം. പരുക്കേറ്റ ഹാഷിമിന്റെയും ഷഖീറിന്റെയും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവസമയത്ത് തങ്ങളുടെ കൈവശം ബീഫ് ഉണ്ടായിരുന്നില്ലെന്ന് ജുനൈദിന്റെ സഹോദരന്‍ പറഞ്ഞിരുന്നു. ഈദിനുള്ള വസ്ത്രം വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണമെന്നും വളരെ ക്രൂരമര്‍ദ്ദനമാണ് തങ്ങള്‍ നേരിട്ടതെന്നും ഇവര്‍ പറഞ്ഞു. തന്റെ തൊപ്പി വലിച്ച് എറിയുകയും താടി പിഴുതെടുക്കാന്‍ ശ്രമിച്ചെന്നും ജുനൈദിന്റെ സഹോദരന്‍ വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here