കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്യുന്നതിന് പിന്നില്‍ മഞ്ജുവാര്യര്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ഒരു വശത്ത് മഞ്ജുവും മറുവശത്ത് ദിലീപും നിലയുറപ്പിച്ച സാഹചര്യത്തിലായിരുന്നു ആ വാര്‍ത്തകള്‍. വിഷയത്തില്‍ ഇരുവരും പരസ്പരം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും മഞ്ജുവാണ് ദിലീപിനെ ടാര്‍ജറ്റ് ചെയ്യുന്നതിന് പിന്നിലെന്നായിരുന്നു വാര്‍ത്തകള്‍.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് വന്ന ബ്ലാക്ക്‌മെയിലിംഗ് കോളുകളിലും നടിമാരെക്കുറിച്ച് പറയുന്നുണ്ട്. ദിലീപ് പലരുടെയും ടാര്‍ജറ്റാണ്. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്. അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ടെന്നായിരുന്നു ഫോണ്‍ സംഭാഷണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍.
മഞ്ജുവിന്റെ പങ്കിനെക്കുറിച്ച് മറുനാടന്‍ മലയാളിയോട് ദിലീപ് പറഞ്ഞത് ഇങ്ങനെ: ‘എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ മീഡിയക്കാരുമായി ബന്ധമില്ലേ..? അവരോട് ചോദിക്കൂ.’
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് പിന്നില്‍ സത്യാവസ്ഥയില്ലെന്നും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയാണ് അവയെന്നും ദിലീപ് പറയുന്നു. ഓരോ ആള്‍ക്കാര്‍ ഓരോന്നും വാര്‍ത്തയാക്കുന്നു. തനിക്ക് അയച്ചെന്ന് പറയുന്ന കത്ത് താനാണ് പൊലീസിന് കൊടുത്തത്. പക്ഷേ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും ദിലീപ് പറയുന്നു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ദിലീപ് പറഞ്ഞു. ആയിരക്കണക്കിന് പേരാണ് ദിവസവും വന്ന് ഫോട്ടോ എടുക്കുന്നത്. അവരെയൊന്നും അറിഞ്ഞുകൂടാ. കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ വരുന്നവരോട് ആരാണ് എന്താണ്, അഡ്രസും ചോദിച്ച് ഫോട്ടോയ്ക്ക് നില്‍ക്കാന്‍ പറ്റില്ലല്ലോ..? അയാളുമായിട്ട്, ഒരു ഇടപാടുമില്ലെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ദിലീപ് പറഞ്ഞു.
ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
Get real time update about this post categories directly on your device, subscribe now.