ജയിലില്‍ നിന്ന് ഫോണ്‍വിളിച്ച് ദിലീപിനെ ഭീഷണിപ്പെടുത്തിയത് പള്‍സര്‍ സുനി;വിഷ്ണുവല്ലെന്നും പൊലീസ് സ്ഥിരീകരണം

കൊച്ചി; ജയിലില്‍ നിന്ന് ദിലീപിന്റെ മാനേജരെ വിളിച്ച് ഭീഷണിപെടുത്തിയത് പള്‍സര്‍ സുനിയാണെന്ന് പൊലീസ് വ്യക്തമാക്കി. ജയിലിലെ ഫോണില്‍ നിന്നാണ് വിളിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ഫോണില്‍ വിളിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിളിച്ചത് വിഷ്ണുവല്ല പള്‍സര്‍ സുനിതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്. കേസില്‍ ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നര കോടി രൂപ വേണമെന്ന് ആവശ്യപ്പെടുന്നതാണ് സംഭാഷണം.

ഒരു മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം ആരംഭിക്കുന്നത് ഞാന്‍ വിഷ്ണു, പള്‍സര്‍ സുനിയുടെ സുഹൃത്ത്, ജയിലില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നരക്കോടി രൂപ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കൈമാറണമെന്ന് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സുനിയുടെ കത്ത് കിട്ടിയോ, അത് വായിക്കണമെന്നും, വായിക്കാന്‍ ദിലീപിനോട് പറയണമെന്നും ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോ, എവിടെ വേണമെങ്കിലും കേസ് കൊടുത്തോ എന്നുമായിരുന്നു ദിലീപിന്റെ മാനേജരുടെ മറുപടി. ഇനി മേലില്‍ വിളിക്കരുതെന്ന് പറഞ്ഞാണ് അപ്പുണ്ണി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. പള്‍സര്‍ സുനിയും കൂട്ടാളികളും നാദിര്‍ഷായുമായും ദിലീപിന്റെ മാനേജരുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് മാത്രമാണ് പുറത്ത് വന്നത്.

ഫോണ്‍ വിളിച്ചത് വിഷ്ണുവല്ല പള്‍സര്‍ സുനിതന്നെയാണെന്ന് വ്യക്തമായതോടെ കേസന്വേഷണം പുതിയ വഴിത്തിരിവിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here