ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വര്‍ണ കൊടിമരം കേടുവരുത്തിയ നിലയില്‍. തുണിയില്‍ മെര്‍ക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്.

സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന്പത്തനംതിട്ട എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആരോ മനപൂര്‍വ്വം ചെയ്തതായി സംശയിക്കുന്നു. നിര്‍മാണം ഏറ്റെടുക്കുന്നതിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്‌നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. തന്ത്രി കണ്ഠരര് രാജീവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം നിരവധി പ്രമുഖരും ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഫെനിക്‌സ് എന്ന സ്ഥാപനം ആണ്. ഒമ്പത് കിലോയോളം സ്വര്‍ണം ഉപയോഗിച്ചാണ് കൊടിമരം നിര്‍മിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like