ശബരിമല കൊടിമരത്തിന് കേടുപാട്; ദുരൂഹമെന്ന് മന്ത്രി കടകംപള്ളി; കുറ്റക്കാരെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമലയിലെ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറിയോ സമാനമായ രാസപദാര്‍ത്ഥമോ ഒഴിച്ച് കേട് വരുത്തിയത് ദുരൂഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ഉച്ചപൂജ സമയത്താണ് സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയവരുടെ ലക്ഷ്യമടക്കം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. സന്നിധാനത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുണിയില്‍ മെര്‍ക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്. സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് പത്തനംതിട്ട എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്‌നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. തന്ത്രി കണ്ഠരര് രാജീവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം നിരവധി പ്രമുഖരും ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഫെനിക്‌സ് എന്ന സ്ഥാപനം ആണ്. ഒമ്പത് കിലോയോളം സ്വര്‍ണം ഉപയോഗിച്ചാണ് കൊടിമരം നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News