കെ.ആര്‍ മോഹനന്‍ സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ വ്യക്തിയെന്ന് മുഖ്യമന്ത്രി പിണറായി; അനുശോച്ഛനം രേഖപ്പെടുത്തി കോടിയേരിയും മമ്മൂട്ടിയും

തിരുവനന്തപുരം: സംവിധായകന്‍ കെ.ആര്‍ മോഹനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ വ്യക്തിയായിരുന്നു കെആര്‍ മോഹനന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹം സംവിധാനം ചെയ്ത സ്വരൂപം, അശ്വത്ഥാമ, പുരുഷാര്‍ത്ഥം എന്നീ സിനിമകള്‍ മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കൈരളി ചാനല്‍ പ്രോഗ്രം വിഭാഗം മേധാവി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനം നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ദു:ഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മലയാളിക്ക് പുതിയ ചലച്ചിത്രാവബോധം പകര്‍ന്ന് നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് കെആര്‍ മോഹനനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത സ്വരൂപം, അശ്വത്ഥാമാ, പുരുഷാര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളിക്ക് നവ്യമായൊരു കാഴ്ചാനഭവമാണ് സമ്മാനിച്ചതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്നെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സിനിമയുടെ ആവിഷ്‌കാരസ്വതന്ത്ര്യത്തിനു വേണ്ടി നിരന്തരം പോരാടിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ കെ ആര്‍ മോഹനന്‍ പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ സിനിമസാംസ്‌കാരിക മേഖലയില്‍ നികത്താനാകാത്ത നഷ്ടമാണെന്നും നിര്യാണത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ദു:ഖം പങ്കിടുന്നതായും എ.കെ ബാലന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡും അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News