പിണറായി പൊലീസിന് അഭിമാനനേട്ടം; ശബരിമല കൊടിമരം നശിപ്പിച്ച സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്കുള്ളില്‍; നിര്‍ണായകമായത് ദേവസ്വം പൊലീസിന്റെ ചടുലമായ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍, മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അഭിമാനനേട്ടവുമായി പിണറായി വിജയന്‍ പൊലീസ്. സംഭവം നടന്ന് ആദ്യ മണിക്കൂറില്‍ തന്നെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

സന്നിധാനത്തെ ദേവസ്വം എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ സംഭവമുണ്ടായ ഉടന്‍ സിസി ടിവി പരിശോധന ആരംഭിച്ചു. ചാനലുകള്‍ ലൈവായി പ്രതികളുടെ ദൃശ്യങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. തൊട്ടുപിന്നാലെ തന്നെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പിലേക്ക് പ്രതികളെന്ന് സംശയിക്കുന്ന വിജയവാഡ സ്വദേശികളുടെ ഫോട്ടോ അയച്ചു. പമ്പയില്‍ കനത്ത പൊലീസ് പരിശോധനയും കൂടി ഏര്‍പ്പെടുത്തി. ഇതിനിടയിലാണ്, പ്രതികളെ തിരിച്ചറിഞ്ഞ ഒരു ദേവസ്വം ഗാര്‍ഡ് ഇവരെ തടഞ്ഞുവച്ച ശേഷം പൊലീസിനെ വിളിച്ചുവരുത്തി.

പിടിയിലായ അഞ്ചു പേരെയും പത്തനംതിട്ട എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ആചാരത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്തതെന്നും മറ്റു ദുരുദേശമില്ലായിരുന്നെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇവരുടെ ബാഗില്‍ നിന്ന് രാസദ്രാവകം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ബാഗില്‍ നിന്ന് രാസദ്രാവകം കണ്ടെത്തിയെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി പീപ്പിള്‍ ടിവിയാണ്.

ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ ആന്ധ്രാ പൊലീസ് ഉടനെത്തും.

കൊടിമരത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘം കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കൊടിമരത്തിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഘം കൊടിമരം നശിപ്പിച്ചത്.

2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്‌നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. തന്ത്രി കണ്ഠരര് രാജീവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം നിരവധി പ്രമുഖരും ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും മാറിയശേഷമാണ് സംഭവം.

പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഫെനിക്‌സ് എന്ന സ്ഥാപനം ആണ്. ഒമ്പത് കിലോയോളം സ്വര്‍ണം ഉപയോഗിച്ചാണ് കൊടിമരം നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News