കൊടിമരത്തില്‍ ദ്രാവകമൊഴിച്ചത് ആചാരത്തിന്റെ ഭാഗമായാണെന്ന് മൊഴി; അട്ടിമറിയല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചത് ആചാരത്തിന്റെ ഭാഗമായാണെന്ന് പിടിയിലായ വിജയവാഡ സ്വദേശികളുടെ മൊഴി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ദ്രാവകം അടങ്ങിയ കുപ്പിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സംഘം കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കൊടിമരത്തിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തില്‍ സംശയം തോന്നിയ ഗാര്‍ഡുമാരാണ് ദേവസ്വം ജീവനക്കാരെ വിവരം അറിയിക്കുന്നത്. തുടര്‍ന്നാണ് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും അടക്കമുളള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ ആന്ധ്രാ പൊലീസ് ഉടനെത്തും.

2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്‌നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. തന്ത്രി കണ്ഠരര് രാജീവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം നിരവധി പ്രമുഖരും ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും മാറിയശേഷമാണ് സംഭവം.

ഒമ്പത് കിലോയോളം സ്വര്‍ണം ഉപയോഗിച്ചാണ് കൊടിമരം നിര്‍മിച്ചത്. പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഫെനിക്‌സ് എന്ന സ്ഥാപനം ആണ്. പിടിയിലായവര്‍ ആന്ധ്രപ്രദേശുകാരായതിനാല്‍ ഈ സ്ഥാപനവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News