
ലഖ്‌നൗ: പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു. മതിയായ രേഖകള്‍ കൂടാതെ വാഹനമോടിച്ച ബിജെപി നേതാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരുമായാണ് പൊലീസുകാരി തര്‍ക്കത്തിലേര്‍പ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദി ലോധിക്ക് മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിഴ ചുമത്തിയതാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ക്കുന്നതും സ്റ്റേഷനിലെ വനിതാ സര്‍ക്കിള്‍ ഓഫീസറായ ശ്രേഷ്ടാ താക്കൂര്‍ പ്രതികരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
ബിജെപി പ്രവര്‍ത്തകരോട് ശ്രേഷ്ടാ പറയുന്നത് ഇങ്ങനെ: ”നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് ഞങ്ങള്‍ വരുന്നത് തമാശയ്ക്കല്ല. ജോലി ചെയ്യാനാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം വൈകാതെ തന്നെ നിങ്ങളെ ബിജെപിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളും. നടുറോഡില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ കൂടുതല്‍ വകുപ്പ് ചേര്‍ത്ത് അകത്തിടും…” ഉദ്യോഗസ്ഥയുടെ ഈ മറുപടിയില്‍ അന്തം വിട്ടു നില്‍ക്കുന്ന പ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.
വെള്ളിയാഴ്ച ഉച്ചക്കാണ് പ്രമോദ് ലോധിയെ രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here