കാരുണ്യത്തിന്റെ പടവുകള്‍ കയറി പി.യു തോമസ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ചരിത്രവും അതിരമ്പുഴ പാക്കത്തുകുന്നേല്‍ പി.യു തോമസിന്റെ ജീവിതവും ഇഴചേര്‍ന്നു കിടക്കുകയാണ്. പി.യു തോമസിന്റെ ജീവിതത്തിലെ അത്ഭുതകരമായ പടവുകള്‍ ആരംഭിക്കുന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പടവുകളില്‍ നിന്നണ്. ഒന്നുമില്ലായ്മയില്‍ നിന്നും വിസ്മയിപ്പിക്കുന്ന മുത്തശ്ശിക്കഥയിലെ രാജകുമാരനെപ്പോലെ ഒരു സാമ്രാജ്യം പടുത്തുയര്‍ത്താന്‍ പി.യു.തോമസിന് കഴിഞ്ഞത് തന്റെ ആദര്‍ശ നിഷ്ടയും നവീനമായ കാഴ്ച്ചപ്പാടുകളും ലാളിത്യമായ വ്യക്തിത്വവും കൊണ്ടുമാത്രമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം തുടക്കം കുറിച്ച നവജീവന്‍ ട്രസ്റ്റ് ഇന്ന് അനാഥരും ആലംബഹീനരുമായ ആയിരങ്ങള്‍ക്ക് അഭയകേന്ദ്രമാണ്.

‘ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്, സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്’. ഈ മഹത്തായ ചിന്തയാണ് 1991ല്‍ നവജീവന്‍ ട്രസ്റ്റിന്റെ പിറവിയിലേക്കു പി.യു തോമസിനെ കൊണ്ടെത്തിച്ചത്. സര്‍ക്കാര്‍ സഹായമോ വിദേശഫണ്ടുകളോ ഒന്നുമില്ലാതെയാണ് പി.യു.തോമസ് 25 വര്‍ഷമായി ഈ അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുത്. തെരുവിലലയുന്ന മനോരോഗികളുടേയും അനാഥരുടേയും പ്രിയ്യപ്പെട്ട തോമസ് ചേട്ടനായി അറിയപ്പെടാനാണ് പി.യു.തോമസ് എന്ന നിശബ്ദ സേവനം സൃഷ്ടിക്കുന്ന പച്ച മനുഷ്യന്‍ ആഗ്രഹിക്കുന്നത്. 12ാം വയസ്സില്‍ സുഹൃത്തിന്റെ വിശപ്പടക്കാനായി തന്റെ അക്ഷരത്താളുകള്‍ തൂക്കി വിറ്റ പി.യു.തോമസ് അനുഭവങ്ങളുടെ സര്‍വ്വകലാശാലയേക്കാള്‍ വലിയൊരു പഠനക്കളരിയില്ലെന്ന തിരിച്ചറിവ് ബാല്യത്തിലേ നേടിക്കഴിഞ്ഞിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗികളുടെ വാര്‍ഡിലെ ജോലിക്കിടയില്‍ ഇവരുടെ ജീവിതം ആഴത്തില്‍ തൊട്ടറിഞ്ഞ പി.യു.തോമസ് നവജീവന്‍ ട്രസ്റ്റിന്റെ ഉത്ഭവത്തിലേക്കു നടന്നു നീങ്ങുകയായിരുന്നു. ആശുപത്രി വരാന്തകളിലും കടത്തിണ്ണകളിലും എച്ചില്‍ക്കൂനകളിലും കാണാനിടയായ അനാഥരും ആലംബഹീനരുമായ മനോരോഗികള്‍ എന്നും പി.യു.തോമസിനെ അസ്വസ്ഥമാക്കിയിരുന്നു.

1991ല്‍ ആരംഭിച്ച നവജീവന്‍ ട്രസ്റ്റ് 44 മനോരോഗികളുമായി 5 വര്‍ഷക്കാലം വാടകക്കെട്ടിടത്തിലാണ് കഴിഞ്ഞിരുന്നത്. മനോരോഗികളുടെ പ്രയാസങ്ങള്‍ അടുത്തറിഞ്ഞ നാട്ടുകാര്‍ മെഡിക്കല്‍ കോളേജിനു സമീപം പനമ്പാലത്ത് ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു തീര്‍ത്തു. ഇന്ന് നവജീവന്‍ അഞ്ചേക്കര്‍ വിസ്തൃതിയിലാണ് ഒഴുകിക്കിടക്കുത്. താങ്ങും തണലുമായി തോമസ്‌ചേട്ടനൊപ്പം കൈപിടിച്ച് അനേകം ഡോക്ടര്‍മ്മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും.

നവജീവന്റെ ചരിത്രത്താളിലെ ആദ്യ അംഗം അബു ആയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയം നഗരത്തിലൂടെ പുറകോട്ടു നടന്നു കൊണ്ടിരുന്ന എറണാകുളം സ്വദേശിയായ കുഞ്ഞച്ചന് നാട്ടുകാര്‍ റിവേഴ്‌സ് അബു എന്ന പേര് ചാര്‍ത്തിക്കൊടുത്തു. 24 വര്‍ഷത്തോളം കോട്ടയം നഗരത്തിലൂടെ അലറി നടന്ന ജഡായു എന്ന ആലപ്പുഴക്കാരന്‍ ജെയിംസും മുംബൈ സ്വദേശിയായിരുന്ന അരവിന്ദനുമെല്ലാം പി.യു.തോമസിന്റെ കൈത്തുമ്പ് പിടിച്ച് നവജീവനിലെത്തി പുതുജീവിതം നുകര്‍ന്നെടുത്തവരാണ്. നവജീവന്‍ സ്വന്തം സ്ഥലത്ത് പടുത്തുയര്‍ത്തിയ ഭവനത്തിലെ ആദ്യ അന്തേവാസി രാജസ്ഥാന്‍കാരിയായിരുന്ന മനുഭായ് ആയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എച്ചില്‍കൂനയില്‍ നിന്നും വിശപ്പടക്കിയ മനുഭായിയെ പി.യു.തോമസ് കൈപിടിച്ച് നവജീവനിലെത്തിക്കുകയായിരുന്നു. സഹോദരന്റെ അഞ്ച് മാസം പഴകിയ മൃതശരീരത്തിന് കാവലിരുവരെന്ന നിലയില്‍ ലോകം അറിഞ്ഞ മനോരോഗിയായ കുമരകംകാരി കുഞ്ഞൂഞ്ഞമ്മ നവജീവനിലെത്തി ജീവിതം തിരികെപ്പിടിച്ചവരുടെ നീണ്ട പട്ടകയിലുള്‍പ്പെടും.

ഇന്ന 60 പിന്നിട്ട കുഞ്ഞൂഞ്ഞമ്മയുടെ കണ്ണിലെ അന്ധാളിപ്പും മനസ്സിലെ മരവിപ്പും ഒരു പരിധി വരെ വിട്ടകന്നിരിക്കുന്നു.ഭാര്യയുടേയും മക്കളുടേയും കൂടെ ഒരു പുതിയ ജീവിതം സ്വപ്‌നം കണ്ട് സുബ്രഹ്മണ്യന്‍ ജെയിംസും കൊച്ചുമക്കളുടെ മുഖം കാണാന്‍ കൊതിച്ച് 54കാരി ബെക്‌സിയും നവജീവന്റെ ഏടുകളില്‍ കാത്തിരിക്കുകയാണ്. ഇവരെപ്പോലെ മറ്റനേകം അന്തേവാസികളും.

തനിക്കുള്ളത് ഇല്ലാത്തവനും കൂടി പങ്കുവയ്ക്കുക എന്ന വിശുദ്ധ ലിഖിതം ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ച് ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും ദാരിദ്രത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ആഴത്തില്‍ തൊട്ടറിഞ്ഞ് കരുണയെ പ്രതിഫലിപ്പിക്കാന്‍ പി.യു.തോമസ് എന്നും ശ്രദ്ധിച്ചിരുന്നു. നാലായിരത്തിലേറെ രോഗികളാണ് നവജീവനിലൂടെ കടന്നുവന്ന് സാധാരണ ജീവിതം തിരികെ പ്രാപിച്ചെടുത്തത്.ചിലര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോയി. ചിലര്‍ നവജീവനില്‍ത്തന്നെ അഭയം തേടി. ഇന്ന് 247 അന്തേവാസികളുടെ ഹൃദയമിടിപ്പുകള്‍ നവജീവനില്‍ മുഴങ്ങിക്കേള്‍ക്കാം.ഇവര്‍ക്ക് തുണയായി 40ലേറെ ശുശ്രൂഷകരും.നവജീവനിലെത്തി രോഗം ഭേദമായി സാധാരണനിലയിലെത്തി നവജീവനില്‍ തന്നെ അഭയം തേടിയവരും ഇവരെ ശുശ്രൂഷിക്കാന്‍ മുിന്നിറങ്ങാറുണ്ട്.തന്റെ പ്രാരാബ്ധങ്ങള്‍ മാറ്റിവെച്ച് വിശക്കുന്ന മറ്റൊരുവന്റെ വിശപ്പു കൂടി ശമിപ്പിക്കുതില്‍ കവിഞ്ഞൊരു പുണ്യമില്ലെന്ന് പഠിപ്പിച്ച ഇദ്ദേഹം തന്റെ മുമ്പിലെത്തിയവര്‍ക്കു മുമ്പില്‍ ഒരു വലിയ നന്‍മവൃക്ഷമായി.

കോട്ടയം മെഡിക്കല്‍ കോളേജ് കൂടാതെ കുട്ടികളുടെ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമൊക്കെയായി കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ തുടങ്ങി അഞ്ച് ജില്ലകളില്‍ നിന്ന് എത്തുന്ന 18 ലക്ഷത്തിലേറെപ്പേരാണ് ഓരോ വര്‍ഷക്കാലവും ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി കടന്നു പോകുന്നത.് കൂടാതെ സാധുക്കളായ രോഗികള്‍ക്ക് ചികിത്സാ സഹായവും ആംബുലന്‍സ് സേവനവും മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും ഭക്ഷണപ്പൊതികളും വസ്ത്രങ്ങളും ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവും സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രോഗികള്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കുന്ന ‘കനിവിന്‍ കരങ്ങള്‍’ പദ്ധതിയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി മടങ്ങുന്ന രോഗികള്‍ക്ക് ‘കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ ഒരു മാസത്തേക്കുള്ള നിത്രേ്യാപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും അത്യാവശ്യ ചികിത്സാ സഹായങ്ങളും വളരുന്ന തലമുറയില്‍ കാരുണ്യവും ത്യാഗമനോഭാവവും കഠിനപരിശ്രമശീലവും വളര്‍ത്തിയെടുക്കാന്‍ ‘ഒരു കൈ ഒരു പൊതി’ പദ്ധതിയും ആശുപത്രി അങ്കണത്തിലും വിദ്യാലയ മുറ്റത്തും പൊതുനിരത്തിലുമൊക്കെ ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളുമൊക്കെ വെച്ചു പിടിപ്പിക്കുന്ന ‘ മണ്ണിന്റെ മധുരം ‘ എന്ന പദ്ധതിയുമൊക്കെ നവജീവന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.നവജീവനിലെ അന്തേവാസികള്‍ക്ക് നവജീവന്‍ വാര്‍ഷികം മാത്രമല്ല ആഘോഷിക്കാനൊരുക്കിയിരിക്കുന്നത്. മറിച്ച് ഈസ്റ്ററും ഓണവും ശിശുദിനവും ലോകമാനസികാരോഗ്യ ദിനവുമെല്ലാം ആഘോഷ വേളകളാകാറുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡിലെ അറ്റന്‍ഡര്‍ ജോലിയ്ക്കിടയിലും തന്റെ സേവനം ആവശ്യമുള്ള എവിടേയും പി.യു.തോമസ് ഓടിയെത്തുമായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചെങ്കിലും പതിവു തെറ്റിക്കാതെ ഇപ്പോഴും എന്നും അദ്ദേഹം ആശുപത്രിയില്‍ എത്താറുണ്ട്. സഹപ്രവര്‍ത്തകരെ ജോലിയില്‍ സഹായിക്കാന്‍…രോഗികളെ ശുശ്രൂഷിക്കാന്‍…അവരുടെ വേദനകള്‍ അടുത്തറിയാന്‍. തന്റെ സഹായം പ്രതീക്ഷിച്ച് ആരെങ്കിലും ആശുപത്രിയുടെ ഇടനാഴികളില്‍ കാത്തിരിപ്പുണ്ടോ എന്നറിയാന്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News