കൊടിമരത്തില്‍ ദ്രാവകമൊഴിച്ചതിനു പിന്നില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; ശബരിമലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ട

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതിനു പിന്നില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തില്‍ അറസ്റ്റിലാവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദ്രാവകം ഒഴിച്ചതില്‍ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ് അനുമാനം.

ആന്ധ്രായില്‍ വിവിധ സ്ഥലങ്ങളില്‍ കൊടിമര പ്രതിഷ്ഠയോടൊപ്പം പാദരസം എന്ന ദ്രാവകവും പഞ്ചധാന്യങ്ങളും ഇടുന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതനുസരിച്ചാണ് ഇവര്‍ ശബരിമലയില്‍ കൊടിമര പ്രതിഷ്ഠ നടന്ന സാഹചര്യത്തില്‍ ദ്രാവകം ഒഴിച്ചതെന്നാണ് സൂചന. ഇവര്‍ സ്വദേശത്ത് നിന്ന് ദ്രാവകം വാങ്ങിയ കടയില്‍ പൊലീസ് സംഘം അന്വേഷണം നടത്തുമെന്ന് ഐജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് ദുരൂഹതകള്‍ തോന്നിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആന്ധ്രാ പൊലീസിന്റെ സംഘം ഇന്ന് എത്തിച്ചേരും. ഇവരുടെ ചോദ്യം ചെയ്യലില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സിഐയുടെ നേതൃത്വത്തില്‍ കേരള പൊലീസ് സംഘം ആന്ധ്രയില്‍ എത്തി അന്വേഷണം നടത്തുമെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു.

സംഭവത്തില്‍ പിടിയിലായ മൂന്ന് പേരും നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ശബരിമലയില്‍ സുരക്ഷയില്‍ കുറവുണ്ടെന്ന് തോന്നുന്നില്ല. പൊലീസിന്റെ ഹൈപ്രൈയോററ്റി സ്ഥലമാണ് ശബരിമല. പൊലീസ് സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ നിന്നാണ് ഇന്നത്തെ സംഭവങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. സുരക്ഷ സംബന്ധിച്ച ആശങ്ക വേണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.

ഞായറാഴ്ചയാണ് ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ രാസദ്രാവകം ഒഴിച്ചത്. ദ്രാവകം ഒഴിച്ചതിനെ തുടര്‍ന്ന് കൊടിമരത്തിലെ സ്വര്‍ണ്ണം ഉരുകിയിരുന്നു. ദ്രാവകമൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതിന് തുടര്‍ന്ന് ആന്ധ്രാ സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്ര വിജയവാഡ സ്വദേശികളാണ് പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News