എംബിബിഎസ് ഫീസ് ഏകീകരിച്ചു; തീരുമാനം ഫീസ് നിര്‍ണയ സമിതിയുടേത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് കോഴ്‌സിലേക്കുള്ള ഫീസ് ഏകീകരിച്ചു. 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റിന് 20 ലക്ഷം രൂപയുമാണ് ഫീസ്. ഫീസ് നിര്‍ണയ സമിതിയാണ് തീരുമാനമെടുത്തത്.

എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ഇനി മുതല്‍ ഒരേ ഫീസാണ്. മാനേജ്‌മെന്റുകള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ കമ്മിറ്റി ഫീസ് 5.5 ലക്ഷം ആയി നിശ്ചയിച്ചിരിക്കുകയായിരുന്നു.

മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായാണ് സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് സീറ്റുകളിലേക്കുള്ള ഫീസ് ഏകീകരിച്ചിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മൊത്തം സീറ്റിന്റെ 85 ശതമാനം സീറ്റുകളിലും 5.5 ലക്ഷം രൂപയാണ് ഫീസ്. 15 ശതമാനം എന്‍ആര്‍ഐ സീറ്റിലേക്ക് ഫീസ് 20 ലക്ഷം രൂപ.

അതേസമയം, 85 ശതമാനം സീറ്റില്‍ 10 മുതല്‍15 ലക്ഷം രൂപാ വരെ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്ന മാനേജ്‌മെന്റിന്റെ വാദം തള്ളിയാണ് മുഴുവന്‍ സീറ്റുകളിലും ഫീസ് നിര്‍ണ്ണയസമിതി ഏകീകൃത ഫീസ് നിശ്ചയിച്ചത്. കഴിഞ്ഞ തവണ 15 ലക്ഷം രൂപയായിരുന്നു എന്‍ആര്‍ഐയിലെ ഫീസ്. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച ഫീസിലെ 5 ലക്ഷം രൂപ ബിപിഎല്‍ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പിനായി വിനിയോഗിക്കണമെന്നും ജസ്റ്റിസ് രാജേന്ദ്ര ബാബു അദ്ധ്യക്ഷനായ സമിതി നര്‍ദ്ദേശിച്ചിട്ടുണ്ട്.

മാനേജ്‌മെന്റുകള്‍ ഫീസ് നിര്‍ണ്ണയസമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ച രേഖകള്‍ പര്യാപ്തമല്ലെന്നും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിരിക്കുന്ന ട്യൂഷന്‍ ഫീസ് ഭീമവും കൊള്ളലാഭം നിറഞ്ഞതുമാണെന്നും ഫീസ് നിര്‍ണ്ണയസമിതി വിലയിരുത്തി. കഴിഞ്ഞവര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരിന് ലഭിച്ച 50 ശതമാനം സീറ്റിലെ 20 ശതമാനത്തില്‍ 25,000 രൂപയാണ് ഫീസ്. 30 ശതമാനത്തില്‍ 2.5ലക്ഷവും ഫീസ്.

ബാക്കിയുള്ള 35 ശതമാനത്തില്‍ 11 ലക്ഷം രൂപ ആണ് ഫീസ് ഈടാക്കിയത്. എന്നാല്‍ ഫീസ് നിര്‍ണ്ണയസമിതിയുടെ ഏകീകൃത ഫീസ് അംഗീകരിക്കുകയില്ലെന്ന നിലപാടിലാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍. പുതിയ ഫീസ് ഘടന നിയമക്കുരുക്കിലാകുമോ എന്ന ആശങ്കയ്ക്കും തിരിതെളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News