ഉമ്മന്‍ചാണ്ടിയുടെ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കെഎംആര്‍എല്‍; നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കെഎംആര്‍എല്‍. 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ ആവശ്യപ്പെട്ടു. കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടറാണ് അന്വേഷണം നടത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പിടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയ്ന്‍, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകരും മെട്രോയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചു.

അതേസമയം, നടപടി എന്തായിരിക്കുമെന്ന് കെഎംആര്‍എല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ കയറിപ്പറ്റിയത് 1000ത്തിലധികം പേരാണ്. ഇത് മൂലം വാതിലുകള്‍ പോലും അടയ്ക്കാന്‍ കഴിഞ്ഞില്ല. അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാ ഗേറ്റുകള്‍ തുറന്നിടേണ്ടതായും വന്നു.

മെട്രോയില്‍ കയറിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുകയും ചെയ്തു. യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്ററും തകരാറിലായി. ഇതെല്ലാം മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യാത്രയില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here