‘അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ നല്ലൊരു ഭാര്യയായിരിക്കും’; ധനുഷിനോട് അമലാ പോള്‍

ധനുഷ്-അമലാ പോള്‍ ജോഡികള്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന വേലയില്ലാ പട്ടധാരി രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. സൗന്ദര്യാ രജനീകാന്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കാജോളും പ്രധാനവേഷത്തിലെത്തുന്നു. 19 വര്‍ഷത്തിന് ശേഷമാണ് കജോള്‍ ഒരു തമിഴ് സിനിമയില്‍ വേഷമിടുന്നത്.

നായക കഥാപാത്രത്തെ നിരന്തരം ശല്യം ചെയ്യുന്ന ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ അമലാ പോളിന്റേത്. സിനിമയുടെ ഒരു പ്രമോഷന്‍ ചടങ്ങിനിടെ അമലാ പോള്‍ പറയുന്നു.

‘വേലയില്ലാ പട്ടധാരി എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. രണ്ടാം ഭാഗത്തിലും വിളിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. സൗന്ദര്യ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. കജോളിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കുഞ്ഞുനാള്‍ മുതല്‍ കജോളിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് നടന്നത്.’

വേലയില്ലാ പട്ടധാരി മൂന്നാം ഭാഗം എടുക്കുകയാണെങ്കില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അമല നല്‍കിയ ഉത്തരം ഇങ്ങനെ: ‘അയ്യോ ഇല്ല, പക്ഷെ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഒരു നല്ല ഭാര്യയായിരിക്കും. ധനുഷിനെ ഇങ്ങനെ ഉപദ്രവിക്കില്ല. ആ കാര്യത്തില്‍ ഞാന്‍ വാക്ക് തരുന്നു’. പുഞ്ചിരിയോടെ അമല പറഞ്ഞു.

ധനുഷ് ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ ബോസിന്റെ വേഷത്തിലാണ് കാജോള്‍ ചിത്രത്തില്‍ എത്തുന്നത്. വിവേക്, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍, ബാലാജി മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്.

സീന്‍ റൊണാള്‍ഡാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവും വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here