മരിച്ച് 28 വര്‍ഷത്തിന് ശേഷം സാല്‍വദോര്‍ ദാലിയുടെ മൃതദേഹം പരിശോധിക്കുന്നു; മാഡ്രിഡ് കോടതി ഉത്തരവ് മകളാണെന്ന് അവകാശപ്പെട്ട യുവതിയുടെ പരാതിയില്‍

മാഡ്രിഡ്: 28 വര്‍ഷം മുന്‍പ് മരിച്ച പ്രശസ്ത സ്പാനിഷ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയുടെ മൃതദേഹം കുഴിച്ചെടുത്ത് പരിശോധിക്കുന്നു. മകളാണെന്നവകാശപ്പെട്ട് രംഗത്തെത്തിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടേതാണ് ഉത്തരവ്. പിതൃത്വ പരിശോധനയുമായി ബന്ധപ്പെട്ട് സ്പയിനിലെ മാഡ്രിഡ് കോടതിയാണ് ഉത്തരവിട്ടത്.

1989 ല്‍ 85-ാം വയസ്സിലാണ് ദാലി മരണമടഞ്ഞത്. തന്റെ പിതാവാണ് ദാലി എന്ന് അവകാശപ്പെട്ട് മരിയ പിലാര്‍ ആബേല്‍ മാര്‍ട്ടിനെസ് എന്ന 61 കാരിയാണ് മുന്നോട്ട് വന്നത്. ഇതേ തുടര്‍ന്ന് അവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 1955ല്‍ മരിയ പിലാറിന്റെ മാതാവ് സ്‌പെയിനിലെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും സാല്‍വദോര്‍ അന്ന് അയല്‍വാസിയായിരുന്നുവെന്നും മരിയ പറയുന്നു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്നും അതിലുണ്ടായ മകളാണ് താനെന്നുമാണ് മരിയ അവകാശപ്പെടുന്നത്. ടാരോ കാര്‍ഡ് റീഡറായ മരിയ 2015ലാണ് അവകാശവാദമുന്നയിച്ച് ആദ്യമായി രംഗത്ത് വന്നത്. തുടര്‍ന്നാണ് മാഡ്രിഡ് കോടതി മൃതദേഹം കുഴിച്ചെടുക്കാനും പരിശോധിക്കാനും ഉത്തരവിട്ടത്.

ജീവിതത്തിന്റെ അതിസങ്കീര്‍ണ ഭാവങ്ങളെ രചനകളിലാവാഹിച്ച പ്രതിഭാശാലിയായ ചിത്രകാരനാണ് സാല്‍വദോര്‍ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാല്‍വദോര്‍ദാലി. 1904 മെയ് 11ന്, സ്‌പെയിനിലെ ഫിഗ്വെറിസില്‍ ജനിച്ച ദാലി പ്രശസ്തനായ സര്‍റിയലിസ്റ്റിക് കലാകാരനാണ്. ചിത്രകലയില്‍ മാത്രമല്ല, ശില്‍പനിര്‍മ്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് അദ്ദേഹം. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു ദാലി. അദ്ദേഹത്തിന്റെ രചനാശൈലി, വിചിത്രമായ കാഴ്ചപ്പാടുകള്‍, ഉന്മത്തമായ സ്വഭാവം, ബുദ്ധിജീവിയായി അംഗീകരിക്കപ്പെടുവാനുള്ള ത്വര, വസ്ത്രധാരണം, കുടുംബജീവിതം എല്ലാം വിമര്‍ശകര്‍ക്ക് വിരുന്നൊരുക്കി.

ലോകമഹാത്ഭുതം പോലെയായിരുന്നു ദാലിയുടെ കലയും ജീവിതവും. ഒരു മനുഷ്യജന്‍മം കൊണ്ട് അനേകം ജന്‍മങ്ങള്‍ ജീവിച്ച ദാലിയുടെ ജീവിതവും കലയും ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. സ്വതന്ത്രനായ ഒരു മനുഷ്യന് എത്രമാത്രം അപകടകരമായും സാഹസികമായും സുന്ദരമായും ജീവിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത അപൂര്‍വ പ്രതിഭായായിരുന്നു അദ്ദേഹം.

പെഴ്‌സിസ്റ്റന്‍സ് ഓഫ് മെമ്മറി, സിസ്റ്റീന്‍ മഡോണ, റിനോസിറസ് ഹോണ്‍സ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശ്‌സ്ത ചിത്രങ്ങളാണ്. ദ ഹെഡ് ഓഫ് യൂറോപ്പ് ആണ് അദ്ദേഹത്തിന്റെ അവസാന രചന എന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel