ജയിലില്‍ കലാപം; ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്

മുംബൈ: സഹതടവുകാരിയുടെ മരണത്തെ തുടര്‍ന്ന് മുംബൈ ബൈക്കുള ജയിലില്‍ നടന്ന സംഘര്‍ഷത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്. ജയില്‍ സംഘര്‍ഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ജയിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കേസ്.

വെളളിയാഴ്ച തടവുകാരിയായിരുന്ന മഞ്ജുര ഷെട്ടി ജയിലിനുളളില്‍ മരണമടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജയില്‍ നിന്നും മുട്ട മോഷ്ടിച്ചുവെന്നു ആരോപിച്ച് മഞ്ജുര ഷെട്ടിയെ ജയില്‍ അധികൃതര്‍ മര്‍ദിച്ചിരുന്നു. ഇതാണ് മരണകാരണമെന്നാരോപിച്ച് തടവുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയതിന് പിന്നില്‍ ഇന്ദ്രാണി മുഖര്‍ജിയാണെന്നാരോപിച്ചാണ് അധികൃതര്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ജയിലില്‍ പ്രതിഷേധിക്കുക മാത്രമാണ് നടത്തിയതെന്ന് തടവുകാര്‍ പറയുന്നു.

പ്രതിഷേധം രൂക്ഷമായതോടെ ജയില്‍ എസ്‌ഐയ്ക്കും അഞ്ച് ജയില്‍ ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഞ്ജുരയുടെ സെല്ലിലുണ്ടായിരുന്ന തടവുകാരിയുടെ പരാതിയിലാണ് ആറുപേര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഈ തടവുകാരിയ്‌ക്കെതിരെയും ജയില്‍ കലാപത്തിന് കേസ് എടുത്തിട്ടുണ്ട്.

2012 ഏപ്രിലില്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി ജയിലില്‍ കഴിയുന്നത്. കേസില്‍ ഇന്ദ്രാണിയെ കൂടാതെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി. മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here