കേരളം ലഹരി മാഫിയയുടെ പിടിയിലേക്കെന്ന് ആശങ്ക; മയക്കുമരുന്ന് മാഫിയകളെ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ : സംസ്ഥാനത്തിന് ഭീഷണിയായി വളര്‍ന്നുകഴിഞ്ഞ മയക്കുമരുന്ന് മാഫിയകളെ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളെപോലും കാരിയര്‍മാരാക്കി തലമുറയെ നശിപ്പിക്കുന്ന ഈ സംഘങ്ങള്‍ ഭയാനകമായ അവസ്ഥ സൃഷ്ടിക്കുകയാണ്. ഈ വന്‍വിപത്ത് തടയാന്‍ സര്‍ക്കാരിനൊപ്പം കക്ഷിഭേദമെന്യേ എല്ലാ സംഘടനകളും രംഗത്തിറങ്ങണം. സര്‍ക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനായ ‘വിമുക്തി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പല നല്ല കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ലഹരി ഉപയോഗത്തിലും മുന്‍പന്തിയിലേക്ക് പോവുകയാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. മദ്യത്തെ മറികടന്ന് മയക്കുമരുന്ന് പ്രധാന ലഹരിവസ്തുവായിരിക്കുന്നു. മയക്കുമരുന്ന് മാഫിയ പ്രധാന മാഫിയയായി വളര്‍ന്നിരിക്കുന്നു. എല്ലാതരം മയക്കുമരുന്നുകളും കേരളത്തിലെത്തിക്കുന്നുണ്ട്. പലതരം ചേരുവകള്‍ ചേര്‍ത്ത് പുതിയ ഇനങ്ങളും ഉണ്ടാക്കുന്നു. വന്‍ നഗരങ്ങളില്‍ ഡിജെ പാര്‍ടികള്‍പോലുള്ള ഒത്തുചേരലുകള്‍ മയക്കുമരുന്ന് കടത്തിന് മറയാക്കുന്നു. ഇത്തരം പാര്‍ടികള്‍ക്ക് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയമപാലകരുടെ കണ്ണുവെട്ടിച്ച് ലഹരിവസ്തു ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നതിന് നിരവധി തെളിവ് കിട്ടി. 12 വയസ്സുമുതലേ വിദ്യാര്‍ഥികളെ മാഫിയ ആകര്‍ഷിക്കുന്നു. കലാലയങ്ങള്‍ തങ്ങളുടെ കേന്ദ്രമാക്കാന്‍ മാഫിയകള്‍ ശ്രമിക്കുന്നു. തങ്ങള്‍ കാരിയര്‍മാരാകുന്നു എന്ന് കുട്ടികള്‍ അറിയുന്നില്ല. കുട്ടികളിലെ സ്വഭാവമാറ്റം നിരീക്ഷിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള വിമുക്തി പദ്ധതി വാര്‍ഡ് മുതല്‍ സംസ്ഥാനതലംവരെ ബഹുജന മുന്നേറ്റമാക്കും. കുടുംബശ്രീ, വായനശാലകള്‍, മദ്യവര്‍ജന സംഘടനകള്‍ എന്നിവയെ യോജിപ്പിച്ചായിരിക്കും ‘വിമുക്തി’ മുന്നോട്ടുകൊണ്ടുപോവുക. വനിതാസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവന നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News