ജസ്റ്റിസ് കര്‍ണനും ജുഷീഷ്യറിയും

നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണേണ്ടിയിരിക്കുന്നു. ഹൈക്കോടതികളിലും സുപ്രീംകോടതികളിലും കേസുകള്‍ തീരുമാനിക്കുന്നതിലുള്ള കാലതാമസവും അവയുടെ നടത്തിപ്പിന് വേണ്ടിവരുന്ന ദുര്‍വഹമായ ചെലവും സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. നീതിന്യായവ്യവസ്ഥയിലെ ഉന്നതതലങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നടക്കുന്നുവെന്ന വാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് സി എസ് കര്‍ണനെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് തടവ് വിധിച്ചതും അദ്ദേഹത്തിന്റെ അറസ്റ്റും ജയില്‍ വാസവും സുപ്രീംകോടതിയുടെ ഉത്തരവുകളും ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ചില ഗുരുതരമായ ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുന്നതായി. ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായം, കുറ്റംചെയ്ത ജഡ്ജിമാരെ ശിക്ഷിക്കുകയും ശിക്ഷ നടപ്പാക്കുകയുംചെയ്യുന്ന രീതി, കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയ അനാശാസ്യമായ സമ്പ്രദായങ്ങള്‍, നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണ്.

പരിഷ്കൃതസമൂഹത്തില്‍ സുപ്രധാന ചുമതലകള്‍ നിര്‍വഹിക്കാന്‍ നീതിന്യായവ്യവസ്ഥ ഉത്തരവാദപ്പെട്ടിരിക്കുന്നു. പൌരന്മാര്‍ തമ്മില്‍ തമ്മിലും, പൌരന്മാരും ഗവണ്‍മെന്റും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും, സംസ്ഥാനവും കേന്ദ്രവും തമ്മിലും തര്‍ക്കങ്ങളും പരസ്പരവിരുദ്ധമായ അവകാശവാദങ്ങളും ഉണ്ടാകാം. ഇത്തരം തര്‍ക്കങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും നിയമം സംബന്ധിച്ച വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കും തീര്‍പ്പുകല്‍പ്പിക്കേണ്ട ചുമതല നീതിന്യായസംവിധാനത്തിനാണുള്ളത്. പൌരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തവും കോടതികള്‍ക്കുണ്ട്. ഭരണഘടനാവ്യവസ്ഥകളെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും നിയമവാഴ്ച ഉറപ്പുവരുത്തുകയും ചെയ്യുന്നതിലും നീതിന്യായവ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.

ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായത്തിലുള്ള പോരായ്മകളാണ് ജസ്റ്റിസ് കര്‍ണനെ പോലുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കുന്നത്. കഴിവും സത്യസന്ധതയും നിര്‍ഭയത്വവും നീതിനിഷ്ഠയും ആത്മാര്‍ഥതയും സമചിത്തതയും ജനാധിപത്യവീക്ഷണവും ഉള്ളവര്‍ക്കുമാത്രമേ ന്യായാധിപന്മാരാകാന്‍ കഴിയൂ എന്ന വിധത്തില്‍ ജഡ്ജിമാരുടെ നിയമനരീതിയില്‍ ക്രമീകരണങ്ങളുണ്ടാകണം. ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായം പൂര്‍ണമായും സുതാര്യമാകണം. പൌരന്മാര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ സൌകര്യമുണ്ടാകണം. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ന്യായാധിപന്മാരെ ന്യായാധിപന്മാര്‍തന്നെ നിശ്ചയിക്കുന്ന രീതിയാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്.

ഒരുപക്ഷേ ആധുനികലോകത്ത് ഇന്ത്യയില്‍മാത്രമായിരിക്കും ഇത്തരമൊരു സമ്പ്രദായം നിലവിലുള്ളത്. ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണനിര്‍വഹണ സമിതിക്കും ജനപ്രതിനിധിസഭയ്ക്കും ന്യായാധിപന്മാര്‍ക്കും പങ്കുള്ള വ്യത്യസ്ത രീതികളാണ് നിലവിലുള്ളത്. ഇന്ത്യയില്‍ 1993 വരെ ഭരണനിര്‍വഹണസമിതിക്ക് (എക്സിക്യൂട്ടീവിന്) ന്യായാധിപന്മാരെ നിശ്ചയിക്കുന്നതില്‍ പങ്കുണ്ടായിരുന്നു. സുപ്രീംകോടതിയിലെ അഡ്വക്കറ്റ് ഓണ്‍ റെക്കോഡ്്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി 1993ല്‍ പുറപ്പെടുവിച്ച വിധിന്യായപ്രകാരം ന്യായാധിപന്മാരെ ന്യായാധിപന്മാര്‍ തന്നെ നിയമിക്കുന്ന സമ്പ്രദായം നിലവില്‍വന്നു. 1998ല്‍ സുപ്രീംകോടതി 1993ലെ വിധി സ്ഥിരപ്പെടുത്തുകയുംചെയ്തു. ഒരു ചെറിയസംഘം ന്യായാധിപന്മാര്‍ (കൊളീജിയം) എടുക്കുന്ന തീരുമാനത്തെ ഉത്തരവായി ഇറക്കുന്ന ചുമതലമാത്രമാണ് പ്രസിഡന്റിനുള്ളത്.

ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ നിശ്ചയിക്കുന്ന ഇന്ത്യയിലെ രീതി ഒട്ടേറെ അനാശാസ്യമായ പ്രവണതകള്‍ക്ക് ഇടവരുത്തിയിരിക്കുന്നു. ന്യായാധിപന്മാരുടെ ബന്ധുക്കളും പാര്‍ശ്വവര്‍ത്തികളും ന്യായാധിപന്മാരാകുന്ന രീതി വളര്‍ന്നുവരുന്നുണ്ട്. പരസ്പരം സഹായിക്കുന്ന ഒരു ‘ചങ്ങാതിസംഘം’ രൂപപ്പെട്ടുവരുന്നതായും ആക്ഷേപങ്ങളുണ്ട്. കഴിവില്ലാത്തവരും നീതിബോധമില്ലാത്തവരുമാണ് നിയമനം നടത്തുന്നതെങ്കില്‍ അത്തരക്കാരെക്കൊണ്ടുമാത്രം ന്യായാധിപന്മാരാകുന്ന സ്ഥിതി ശക്തിപ്പെടും.

ഒട്ടും സുതാര്യമല്ലാത്തരീതിയില്‍ ഒരു ചെറിയ സംഘം ന്യായാധിപന്മാര്‍തന്നെ ഭാവിന്യായാധിപന്മാരെ നിശ്ചയിക്കുന്ന ഇന്നത്തെ സമ്പ്രദായം ഇന്ത്യയുടെ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിന് തികച്ചും അപര്യാപ്തമാണ്. ന്യായാധിപന്മാരില്‍ കഴിവും സത്യസന്ധതയും നിര്‍ഭയത്വവും നീതിനിഷ്ഠയും ആത്മാര്‍ഥതയും സമചിത്തതയും ജനാധിപത്യവീക്ഷണവും ഉള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍ പല തലങ്ങളിലും പ്രകടമാണ്. അപകടകരമായ ഒരു പതനത്തിലേക്കാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ തെന്നിമാറിക്കൊണ്ടിരിക്കുന്നത്. ന്യായാധിപന്മാരുടെ നിയമനസമ്പ്രദായത്തില്‍ അടിയന്തരമായി മാറ്റംവേണം.

തെറ്റ് ചെയ്യുന്ന ന്യായാധിപന്മാരെ കുറ്റവിചാരണ നടത്തി ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉണ്ടെങ്കിലും ആ വ്യവസ്ഥകള്‍ തികച്ചും അപര്യാപ്തമാണെന്നാണ് ജസ്റ്റിസ് കര്‍ണനുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ന്യായാധിപന്മാര്‍ക്കെതിരെയുള്ള പരാതികള്‍ രാജ്യസഭയിലെ 50 അംഗങ്ങളോ ലോക്സഭയിലെ നൂറ് അംഗങ്ങളോ ഒപ്പിട്ട് നല്‍കിയാല്‍മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. പരാതിയെപ്പറ്റി ന്യായാധിപന്മാരുടെ അന്വേഷണകമ്മിറ്റി അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കും. അത്തരം റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ചര്‍ച്ചയ്ക്കും തീരുമാനത്തിനും സമര്‍പ്പിക്കേണ്ടതുണ്ട്.

സഭകളുടെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടൊപ്പം ഹാജരാക്കുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളുടെ പിന്തുണയും ഉണ്ടെങ്കില്‍മാത്രമേ ന്യായാധിപനെ നീക്കംചെയ്യാന്‍ കഴിയൂ. ഭരണഘടന നിലവില്‍വന്നതിനുശേഷം പാര്‍ലമെന്റിന്റെ മുന്നില്‍ വന്നത് നാല് പരാതികള്‍ മാത്രമാണ്. ന്യായാധിപന്മാരെ കുറ്റവിചാരണ നടത്തി നീക്കംചെയ്യാനുള്ള വ്യവസ്ഥകള്‍ വളരെ സങ്കീര്‍ണവും പ്രായോഗികമാക്കാന്‍ പ്രയാസമുള്ളതുമാണ്. തെറ്റ് ചെയ്യുന്ന ന്യായാധിപന്മാരെ ഒഴിവാക്കാന്‍ ഇന്നുള്ള വ്യവസ്ഥകള്‍ ഒട്ടും സഹായകരമല്ല.

സുപ്രീംകോടതിക്ക് ജസ്റ്റിസ് കര്‍ണനുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യനില പരിശോധിക്കണമെന്ന അസാധാരണമായ ഉത്തരവ് ഇറക്കേണ്ടിവന്നു. ജസ്റ്റിസ് കര്‍ണന്റെ പ്രഖ്യാപനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളെ വിലക്കാനും സുപ്രീംകോടതി തയ്യാറായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഏഴ് ജഡ്ജിമാരെയും അഞ്ച് കൊല്ലത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി ഉത്തരവിനെ നേരിട്ടത്.

ഒടുവില്‍ സുപ്രീംകോടതി കോടതിയലക്ഷ്യക്കുറ്റം ചെയ്തതിന് ജസ്റ്റിസ് കര്‍ണനെ ആറ് മാസം തടവുശിക്ഷയ്ക്ക് വിധിച്ചു. ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍പോയി. ഇതിനിടയില്‍ ജൂണ്‍ 12ന് ജസ്റ്റിസ് കര്‍ണന്‍ ന്യായാധിപസ്ഥാനത്തുനിന്ന് 62 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് റിട്ടയര്‍ചെയ്തു. ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റും ജയില്‍വാസവും തുടര്‍ന്നുണ്ടായ സംഭവങ്ങളാണ്. ന്യായാധിപന്റെ ചുമതലകളില്‍നിന്നും ജസ്റ്റിസ് കര്‍ണനെ ഒഴിവാക്കുന്നതിന് അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് വരെ കാത്തിരിക്കേണ്ടിവന്നു. ജസ്റ്റിസ് കര്‍ണന്റെ നിയമവിരുദ്ധമായ നടപടികളും പ്രകോപനപരമായ പ്രഖ്യാപനങ്ങളും നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. സംഭവങ്ങള്‍ ഇന്നെത്തിയ തലത്തിലെത്താന്‍ അനുവദിക്കരുതായിരുന്നു.

കോടതിയലക്ഷ്യനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള കോടതിയലക്ഷ്യ നിയമം ബ്രിട്ടനില്‍ നിലവിലുണ്ടായിരുന്ന നാടുവാഴിത്തവ്യവസ്ഥയുടെ പാരമ്പര്യം പിന്തുടരുന്നതാണ്. രാജാവ് ദൈവത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ ഉത്തരവുകള്‍ ചോദ്യംചെയ്യപ്പെടരുത്. അതേപോലെ കോടതിവിധിയും വിമര്‍ശിക്കപ്പെടരുതെന്ന കാഴ്ചപ്പാടാണ.് കോടതിയലക്ഷ്യനിയമത്തിന്റെ അടിസ്ഥാനസമീപനം കോടതി ഉത്തരവുകള്‍ നടപ്പാകും എന്ന് ഉറപ്പാക്കലാണ്. അതിനപ്പുറം കോടതിയലക്ഷ്യനിയമത്തിന് വ്യാപ്തി ഉണ്ടാകരുത്. നീതിനിര്‍വഹണത്തിലെ അപൂര്‍ണതകളെയോ പോരായ്മകളെയോ സംബന്ധിച്ച് ഉത്തമവിശ്വാസത്തോടെ നടത്തുന്ന വിമര്‍ശനങ്ങളടക്കം കോടതിയലക്ഷ്യക്കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും.

അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടണം.  പൌരന്മാര്‍ക്കുള്ളതിലേറെ അവകാശങ്ങള്‍ ന്യായാധിപന്മാര്‍ക്ക് വേണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ന്യായാധിപന്മാര്‍ക്കും പൌരന്മാര്‍ക്കും ഒരേതരത്തിലുള്ള അവകാശംമാത്രം മതിയാകും. ആരോപണവിധേയനായ ന്യായാധിപന്‍തന്നെ ആരോപണകര്‍ത്താവിനെതിരെ വിധിനല്‍കുന്ന സമ്പ്രദായമാണ് ഇന്നുള്ളത്. പരാതിക്കാരനും തെളിവ് നല്‍കുന്നയാളും വിധികര്‍ത്താവും ഒരാളായിരിക്കുന്നത് ഒട്ടും അഭികാമ്യമായ വ്യവസ്ഥയല്ല. ഇന്നുള്ള വ്യവസ്ഥകള്‍ സാമാന്യനീതി നിഷേധിക്കുന്ന സ്വഭാവത്തിലുള്ളതാണ്. ജസ്റ്റിസ് കര്‍ണന്റെ കാര്യത്തില്‍ സാമാന്യനീതി നിഷേധിക്കപ്പെട്ടെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. സുപ്രീംകോടതി പുലര്‍ത്തേണ്ട സമചിത്തതയും ഔദാര്യവും ജസ്റ്റിസ് കര്‍ണന്റെ പ്രകോപനങ്ങളില്‍ പലപ്പോഴും വിസ്മരിക്കപ്പെട്ടതായി തോന്നുന്നു.

ന്യായാധിപന്മാരുടെ നിയമനം, കുറ്റവിചാരണ നടത്തി ശിക്ഷ വിധിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ന്യായാധിപന്മാര്‍, ഭരണനിര്‍വഹണസമിതി അംഗങ്ങള്‍ ജനപ്രതിനിധിസഭയുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നാഷണല്‍ ജൂഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന് വീരപ്പമൊയ്ലി അധ്യക്ഷനായ രണ്ടാം പരിഷ്കാര കമീഷന്‍ 2007ല്‍ കേന്ദ്ര ഗവണ്‍മെന്റിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഭരണഘടനാവ്യവസ്ഥകള്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ മുന്‍ എന്‍ഡിഎ ഗവണ്‍മെന്റ് രൂപീകരിച്ച കമീഷനും നാഷണല്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം, കുറ്റവിചാരണ, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്നതിന് നാഷണല്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയും ആവശ്യപ്പെടുന്നു.

ഭരണകൂടത്തിന്റെ മൂന്ന് ഭാഗങ്ങളായ ഭരണനിര്‍വഹണസമിതിയുടെയും ജനപ്രതിനിധിസഭയുടെയും നീതിന്യായവ്യവസ്ഥയുടെയും പ്രതിനിധികളും ബാര്‍ അസോസിയേഷന്റെയും പൊതുജനങ്ങളുടെയും പ്രതിനിധികളും നാഷണല്‍ ജുഡീഷ്യല്‍ കമീഷനില്‍ അംഗങ്ങളായി ഉണ്ടായിരിക്കണമെന്നും പാര്‍ടി അഭിപ്രായപ്പെടുന്നു. നാഷണല്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കപ്പെട്ടിരുന്നെങ്കില്‍ ജസ്റ്റിസ് സി എസ് കര്‍ണനുമായി ബന്ധപ്പെട്ടുണ്ടായ പല സംഭവങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. നാഷണല്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം പ്രസക്തമാണെന്നര്‍ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News