‘ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ?’; സലിംകുമാറിനെതിരെ ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ സലിംകുമാറിനെതിരെ ഭാഗ്യലക്ഷ്മി. നുണപരിശോധനയിലൂടെ അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോയെന്നും വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവനയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്നാണ് സലിംകുമാര്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ: 

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത് കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്..

ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ.

എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?..പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍?അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.

വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും
മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം..ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.?

നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here