വയറ്റത്തടിച്ച് വീണ്ടും മോദി സര്‍ക്കാര്‍; യാത്രാക്കൂലി ഉള്‍പ്പെടെ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം

യാത്രാക്കൂലി ഉള്‍പ്പെടെ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിരക്ക് വര്‍ദ്ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് സൂചന. സെപ്തംബര്‍ മുതല്‍ നിരക്ക് വര്‍ദ്ധന നടപ്പാക്കാനാണ് റെയിവെ മന്ത്രാലയത്തിന്റെ ശ്രമം

ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വേ അവലോകന യോഗത്തില്‍ റെയില്‍ നിരക്ക് വര്‍ദ്ധന ചര്‍ച്ചയായി.  യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ മാസം മുതല്‍ നിരക്ക് വര്‍ദ്ധന നടപ്പാക്കാനാണ് ശ്രമം.  നിലവില്‍ ത്രീടയര്‍ എസി ടിക്കറ്റ് നിരക്കുകള്‍ മാത്രമാണ് ലാഭകരമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഈയിനത്തില്‍ ലഭിക്കുന്ന ലാഭം കൂടി മറ്റ് കോച്ചുകളിലെ കുറഞ്ഞ നിരക്ക് കാരണം ഇല്ലാതാകുന്നു.

ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശപ്രകാരം ശമ്പള വര്‍ദ്ധന നടപ്പാക്കുന്നതും റെയില്‍വേയുടെ ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ സാഹചര്യത്തില്‍ സേവനം മെച്ചപ്പെടുത്തി നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നതാണ് റെയില്‍വേ ലക്ഷ്യം വയ്ക്കുന്നത്.  എന്നാല്‍ നിരക്ക് വര്‍ദ്ധനയുടെ കാര്യം റെയില്‍വേ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. യാത്രാക്കൂലി വര്‍ദ്ധന പ്രതിഷേധത്തിന് ഇടയാക്കുമെന്നതും രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നതിനാലും കൂടുതല്‍ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും തീരുമാനം നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here