‘എന്റെ വാക്കുകള്‍ ദിലീപ് തെറ്റിദ്ധരിച്ചു’; ‘സുനിയും നടിയും ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല’; ലാലിന്റെ പ്രതികരണം പീപ്പിള്‍ ടിവിയോട്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതിയുമായ പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. നടന്‍ ദിലീപ് തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്ന് ലാല്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

നടിയെയും സുനിയെയും ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് കണ്ടിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ പരിചയക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും ലാല്‍ പറഞ്ഞു.

നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്ന് ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദിലീപ് പറഞ്ഞത്. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു.
‘കാണാത്ത, കേള്‍ക്കാത്ത കാര്യങ്ങള്‍ എന്റെ തലയിലേക്ക് എടുത്ത് വയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. കാരണം മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കഥാപാത്രങ്ങളിലൂടെ കിട്ടിയ, ജനങ്ങളുടെ മനസിലുളള സ്‌നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്. അത് ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ട് ഏത് അന്വേഷണത്തിനും പൊലീസിന്റെ കൂടെ, ഏത് സിബിഐ വന്നാലും അതിന്റെയൊക്കെ കൂടെ ഞാന്‍ നില്‍ക്കും.’-ദിലീപ് ഷോയില്‍ പറയുന്നു.

അച്ഛനെന്ന നിലയില്‍ മകളുടെ മുന്നില്‍ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ്. കേസുമായി ബന്ധപ്പെട്ട് മുന്‍പന്തിയിലുണ്ടാകും. താന്‍ നിരപരാധിയാണ്. ഇവിടെ സത്യം ജയിക്കണം. ഇനി ഒരാള്‍ക്കെതിരെയും ഇതുപോലെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും ദിലീപ് പറഞ്ഞു.
‘ഈ ഗൂഢാലോചന നടത്തിയ ആള്‍ക്കാര്‍ മുഴുവന്‍ സന്തോഷമായിട്ട് നടക്കുന്നു. അതാരാണെന്ന് കണ്ടുപിടിക്കണം. സലിംകുമാര്‍ അടക്കം പലരും പലകാര്യങ്ങളും മിണ്ടാത്തതാണ്. അവര്‍ക്കെല്ലാം ഇതിനെക്കുറിച്ച് വ്യക്തതയുണ്ട്. ഇത് കൂട്ടി വായിക്കുമ്പോള്‍ ഇതിന്റെ സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. എല്ലാവരും കൂടി ഒരു ദിലീപുണ്ട്, ഇവിടെ ലോകത്ത് എവിടെ പെരുന്നാള്‍ ഉണ്ടായാലും ഒരാള്‍ക്ക് കിടക്കപ്പൊറുതി ഇല്ലാ എന്ന് പറഞ്ഞുപോലെത്തെ അവസ്ഥയാണ് നടക്കുന്നത്. എന്ത് കണ്ടാലും ദിലീപ്, ദിലീപ് എന്ത് ന്യായം. ഞാന്‍ ഇത് സമ്മതിക്കില്ല.’-ദിലീപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News