രാജമൗലി മാന്യനാണെന്നാണ് കേട്ടിരുന്നത്; പക്ഷെ… ശ്രീദേവി പറയുന്നു; ശിവകാമിയെ ഉപേക്ഷിക്കാനുള്ള കാരണവും വെളിപ്പെടുത്തി; വീഡിയോ

ഇന്ത്യന്‍ സിനിമയില്‍ ചരിത്രവിജയമാണ് രാജമൗലിയുടെ ബാഹുബലി നേടിയെടുത്തത്. ബാഹുബലി ഉയര്‍ത്തിയ തരംഗം ഇനിയും അവസാനിച്ചിട്ടുമില്ല. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് ശിവകാമിയുടെ കഥാപാത്രമായിരുന്നു.

രമ്യ കൃഷ്ണന്‍ അവിസ്മരണീയമാക്കിയ ശിവകാമിയെന്ന വേഷം ആദ്യം ശ്രീദേവിയെ തേടിയാണെത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് ഇക്കാര്യം സംവിധായകനടക്കമുള്ളവര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ബാഹുബലി കണ്‍ക്ല്യൂഷന്‍ ചരിത്രവിജയം നേടി മുന്നേറുമ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായി.

മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയെന്ന ഇത്രയും മികച്ച കഥാപാത്രം എന്തുകൊണ്ടായിരുന്നു ശ്രീദേവി ഉപേക്ഷിച്ചതെന്നതായിരുന്നു ഏവര്‍ക്കും അറിയേണ്ടിരുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി കടുംപിടുത്തം പിടിച്ചെന്നും ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ ലാഭവിഹിതം ചോദിച്ചിരുന്നെന്നും രൗജമാലി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ശ്രീദേവിയാകട്ടെ കൃത്യമായ പ്രതികരണം നടത്തിയിരുന്നില്ല. എന്നാല്‍ ഇതാദ്യമായി ശ്രീദേവി കാരണങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ മോമിന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് ശിവകാമിയെ ഉപേക്ഷിക്കാനുള്ള കാരണം ശ്രീദേവി വെളിപ്പെടുത്തിയത്.

രാജമൗലി അഭിമുഖത്തില്‍ പറഞ്ഞതല്ല യാഥാര്‍ത്ഥ്യമെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം. താന്‍ പത്തുകോടിയും സിനിമയിലെ ഷെയറും വേണമെന്ന് ആവശ്യപ്പെട്ടുവെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ വ്യക്തമാക്കി. 50 വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ സജീവമായിട്ടുള്ള, 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താന്‍ ഇത്രയും വലിയ ആവശ്യങ്ങള്‍ നിരത്തുമെന്ന് ആരെങ്കിലും വിശ്വസിക്കുമോയെന്നും ശ്രീദേവി ചോദിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവാണ് തന്നോട് ചര്‍ച്ച നടത്തിയതെന്നും രാജമൗലി ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. രാജമൗലിയെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ഒരുപക്ഷെ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശ്രീദേവി പറയുന്നു. രാജമൗലി വളരെ അന്തസ്സുള്ള വ്യക്തിയാണെന്നാണ് കേട്ടിട്ടുള്ളതെന്നും പക്ഷെ അദ്ദേഹത്തിന്റെ അഭിമുഖം കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും ദുഖം തോന്നിയെന്നും താരം വ്യക്തമാക്കി.

രാജമൗലിക്കൊപ്പം ബാഹുബലിയില്‍ പങ്കാളിയാകാനാകാത്തതില്‍ നിരാശയുണ്ടെന്നും ശ്രീദേവി വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here