ശബരിയുടെ മസിലുപിടിത്തത്തിന് ദിവ്യയുടെ മരുന്ന് പ്രണയഗാനം; ആ ‘ഗാന’മാലപിച്ച് ഇരുവരും ജെബി ജംഗ്ഷനില്‍

എംഎല്‍എയ്ക്ക് സബ്കളക്ടര്‍ വധുവാകുന്നത് കേരള ചരിത്രത്തിലെ അപൂര്‍വസംഭവങ്ങളിലൊന്നാണ്. അത്തരമൊരു നിമിഷത്തിന് ജൂണ്‍ 30ന് കേരളം സാക്ഷ്യം വഹിക്കും. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരിനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെയും വിവാഹമാണ് ചരിത്രത്തില്‍ ഇടം നേടുന്നത്.

അതുകൊണ്ടു തന്നെ ഇവരുടെ വിവാഹവും പ്രണയവും മലയാളികള്‍ ആഘോഷിക്കുകയാണ്. പ്രണയ വിശേഷങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങളും പങ്കുവെച്ചാണ് ഇരുവരും ജെ ബെ ജംഗ്ഷനിലെത്തിയത്. രാഷ്ട്രീയ നേതാവെന്ന നിലയില്‍ പക്വതയാര്‍ജ്ജിക്കുന്ന ശബരിനാഥിന്റെ മസിലുപിടിത്തം കുറയ്ക്കാന്‍ ദിവ്യയുടെ കയ്യില്‍ മരുന്നുണ്ട്.

തന്റെ മനോഹരമായ ശബ്ദത്തിലുള്ള പ്രണയഗാനങ്ങളിലൂടെയാണ് ദിവ്യ ശബരിയുടെ മസിലിപിടിത്തത്തിന് അയവുണ്ടാക്കുന്നത്. ഇക്കാര്യം ശബരി തന്നെ ജെ ബി ജംഗ്ഷനില്‍ വ്യക്തമാക്കി. ശബരിനാഥിന് ആദ്യമായി പാടികൊടുത്ത പ്രണയഗാനവും ദിവ്യ ഓര്‍മ്മിച്ചു. കാമുകനെ ഒപ്പമിരുത്തി ആ പ്രണയ ഗാനം പാടാനും സബ് കളക്ടര്‍ മറന്നില്ല. ദിവ്യയുടെ മധുരമായ ഗാനാലാപനം കൊണ്ടുകൂടി ശ്രദ്ധേയമായിരുന്നു ജെ ബെ ജംഗ്ഷനില്‍ ഇരുവരും പങ്കെടുത്ത എപ്പിസോഡ്.

മണിരത്‌നത്തിന്റെ മോഹന്‍ലാല്‍ ചിത്രമായ ഇരുവറിലെ നറുമുഖിയെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ദിവ്യ ആദ്യമായി ശബരിനാഥിന് പാടികൊടുത്തത്. ജെ ബി ജംഗ്ഷനില്‍ ദിവ്യ ആ ഗാനമാലപിക്കുന്നത് കേള്‍ക്കാം.


ഇരുവരും മനസു തുറക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

ജൂണ്‍ 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. വൈകുന്നേരം നാലു മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്.

ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് 2015ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശബരീനാഥന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശബരീനാഥന്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെകും ഗുര്‍ഗാവോണിലെ എംഡിഐയില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കി.

തിരുവനന്തപുരം പാല്‍കുളങ്കര സ്വദേശിയായ ദിവ്യ, മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ്. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തെരഞ്ഞെടുത്തത്. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ാം റാങ്കും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News