ഇന്ത്യ ചൈന ബന്ധവും വഷളായി; കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്രയുടെ കാര്യം ദുരിതത്തില്‍; നാഥുല ചുരം അടച്ചു

ദില്ലി:കശ്മീര്‍ അതിര്‍ത്തിയില്‍ അശാന്തി തുടരുന്നതിനിടെ ഇന്ത്യാ ചൈന അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം അതിക്രമിച്ചുകടന്നുവെന്ന് ആരോപിച്ച് ടിബിറ്റിലേക്കുള്ള പ്രവേശന കവാടമായ നാഥുല ചുരം ചൈന അടച്ചു. ഇതോടെ കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്ര പൂര്‍ണമായും തടസപ്പെട്ടു.

എന്നാല്‍, കൈലാസ് മാനസസോരവര്‍ തീര്‍ഥാടകരുടെ ആശങ്ക ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. അമേരിക്കയില്‍ ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് സിക്കിം അതിര്‍ത്തിയിലൂടെ ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇന്ത്യ നടത്തിയ പ്രതിരോധത്തില്‍ ചൈനയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.എന്നാല്‍ അതിക്രമിച്ചുകടന്നത് ഇന്ത്യന്‍ സൈനികരാണെന്നാണ് ചൈനയുടെ ആരോപണം.

ഇതിന് പിന്നാലെ, ടിബറ്റിലേക്കുള്ള പ്രവേശനകവാടമായ നാഥുല ചുരം ചൈന അടച്ചു. ഇന്ത്യയുടെ അതിക്രമത്തെക്കുറിച്ച് നയതന്ത്രതലത്തിലും പ്രതിഷേധം അറിയിച്ചുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.കൈലാസ് മനസസരോവര്‍ തീര്‍ത്ഥയാത്രയ്ക്ക് അനുമതി നിഷേധിച്ച ചൈനീസ് നടപടിയില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നടപടി. അതിക്രമിച്ചെത്തിയ ഇന്ത്യന്‍ സൈന്യം എത്രയും പെട്ടെന്ന് പിന്‍മാറണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

എന്നാല്‍, അതിര്‍ത്തികടന്നിട്ടില്ലെന്നും നിയന്ത്രണരേഖ മറികടന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കുകയായിരുന്നെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടു ബങ്കറുകള്‍ ചൈനീസ് പട്ടാളം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനിടെയാണ് സിക്കിം അതിര്‍ത്തിയിലെ ചൈനീസ് സൈനിക നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News