തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴക്കെടുതികളും രൂക്ഷമായി. മൂന്ന് ദിവസം കൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലെയും തീരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി.
അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്തുടനീളം 7 മുതല്‍ 12 സെമീ വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 29ആം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 മുതല്‍ 20 സെമി വരെ മഴ ലഭിച്ചേക്കാം. ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം.
ഹൈറേഞ്ചിലേക്ക് രാത്രി 7 മുതല്‍ പകല്‍ ഏഴ് വരെ യാത്ര ഒഴിവാക്കണം. മലവെള്ളപ്പാച്ചിലിന് സാധ്യത കൂടുതലായതിനാല്‍ സഞ്ചാരികള്‍ പുഴയിലിറങ്ങരുത്. കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും നാശം വിതച്ചു. വടക്കന്‍ കേരളത്തില്‍ കാസര്‍കോടാണ് മഴക്കെടുതി കൂടുതല്‍. ബന്തടുക്ക പുളുവിഞ്ചി പട്ടിക വര്‍ഗ കോളനിയില്‍ മരം വീണ് വീട് തകര്‍ന്നു. പരവനടുക്കത്ത് കിണര്‍ താഴ്ന്നു. കടല്‍ക്ഷോഭം രൂക്ഷമായ മൂസോടിയില്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
വയനാട് ചുരത്തിലെ ഒന്‍പതാം വളവില്‍ രാവിലെ മണ്ണിടിച്ചിലുണ്ടായി. ഇതുമൂലം കോഴിക്കോട്‌വയനാട് പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയില്‍ പലയിടത്തും കൃഷിനാശമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. തൊടുപുഴയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.