മഴ തകര്‍ക്കുന്നു; കാഞ്ചിയാറില്‍ ഉരുള്‍പൊട്ടി, ആലപ്പുഴ, ഇടുക്കി,കൊല്ലം, എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം; സംസ്ഥാനത്തു കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്kerala

.

ഇടുക്കി ജില്ലയില്‍ കനത്ത മഴയില്‍ പലയിടത്തും കൃഷിനാശമുണ്ടായി. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല.

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, ഇടുക്കി, കൊല്ലം, എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സ്‌കൂളുകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയായിരിക്കും. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് മുകളില്‍ വന്‍ മരം കടപുഴകിവീണു. ബസില്‍ 21 വിദ്യാര്‍ഥികളുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ചിറക്കടവ് സെന്റ് ഇംഫ്രേസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 41 മീറ്ററായതിനെ തുടര്‍ന്നാണ് വെള്ളം തുറന്നു വിട്ടത്. തൊടുപുഴയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസില്‍ദാര്‍അറിയിച്ചു. പലയിടത്തും ആറുകളും പുഴകളും കര കവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. മീനച്ചിലാര്‍ കരകവിഞ്ഞ് പാല നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറി.

ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നു. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൊച്ചി നഗരത്തില്‍ മഴയില്‍ ഓടകള്‍ നിറഞ്ഞ് പലയിടത്തും വെള്ളം കയറി. വരുന്ന നാലുദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊച്ചി മധുര ദേശീയപാതയില്‍ മുവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ പലയിടത്തും വെള്ളക്കെട്ടുമൂലം ഗതാഗത തടസമുണ്ടായി. ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കുന്നിന്‍ ചരുവിലൂടെയുള്ള യാത്ര ഒഴിവാക്കണം. മരങ്ങളുടെ കീഴില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News