‘ദളിതര്‍ തമ്മിലുള്ള പോരാട്ടമല്ല, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം’; മീരാ കുമാര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ദില്ലി: മതേതര കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പത്രികാസമര്‍പ്പണം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ ഇന്ന് മീരാകുമാര്‍ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്,സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖ നാതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പത്രികാ സമര്‍പ്പണം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ പ്രത്യയശാസ്ത്ര പോരാട്ടമായി കാണുന്ന പ്രതിപക്ഷം പത്രിക സമര്‍പ്പണ ചടങ്ങിനെ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. നിമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിച്ചതിനു ശേഷം ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്നും പ്രചരണം ആരംഭിക്കുമെന്ന് മീരാകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നടക്കുന്നത് രണ്ട് ദളിതര്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണെന്നും മീരാ കുമാര്‍ പറഞ്ഞു. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും മത്സരരംഗത്ത് ഭരണ. പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊന്നും സ്ഥാനാര്‍ഥികളുടെ ജാതിയോ മതമോ ചര്‍ച്ചാ വിഷയമായിട്ടില്ല. ഇന്ന് സ്ഥാനാര്‍ഥികളുടെ ജാതിയാണ് പ്രധാനമായും എടുത്തുകാട്ടുന്നതെന്നും മീരാ കുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പ്രചരത്തിന്റെ ഭാഗമായി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉള്‍പ്പെടെ എംഎല്‍എമാരെയും എംപിമാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, ജിതേന്ദ്ര സിങ്ങ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് തുടങ്ങിയവര്‍ രാംനാഥ് കോവിന്ദിനെ അനുഗമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News