
തിരുവനന്തപുരം: കേരളത്തിലെ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 15 ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന കശുവണ്ടി സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ഉദ്യമം ആദ്യമാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്യുക, അതുവഴി തൊഴിലാളികള്‍ക്ക് വര്‍ഷം ചുരുങ്ങിയത് 300 ദിവസത്തെ ജോലി ഉറപ്പുനല്‍കുക, പരമാവധി കുറഞ്ഞ വിലയില്‍ തോട്ടണ്ടി ലഭ്യമാക്കുക, കേരളത്തില്‍ കശുമാവ് കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം വിളിക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്യും. ഐവറി കോസ്റ്റ്, ഗിനിയ ബിസ്സു, നൈജീരിയ, ബെനിന്‍, ഘാന, ബുര്‍ക്കിനോ ഫാസോ, സെനഗല്‍, ഗിനിയ, മാലി, ടോഗോ, ഗാംബിയ, ടാന്‍സാനിയ, മൊസാംബിക്ക്, കെനിയ, മഡഗാസ്‌കര്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും മറ്റു നയതന്ത്ര പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here