മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ നേരമില്ലെന്ന് ദിലീപ്; പറയാനുള്ളത് പൊലീസിനോടും കോടതിയോടും പറയും; ദിലീപും നാദിര്‍ഷയും ആലുവ പൊലീസ് ക്ലബില്‍; മൊഴിയെടുക്കല്‍ തുടരുന്നു

കൊച്ചി: മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചു.

തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പൊലീസിനോടും കോടതിയോടും പറയും. താന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ തിരക്കാനാണ് പൊലീസ് വിളിപ്പിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ആലുവ പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും സുനി ബ്ലാക്‌മെയില്‍ ചെയ്തതായ പരാതിയിലും വ്യക്തത വരുത്താനാണ് ദിലീപിന്റെ മൊഴി എടുക്കുന്നത്. സംവിധായകന്‍ നാദിര്‍ഷയും പൊലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. ഇരുവരുടെയും മൊഴിയെടുപ്പ് പൊലീസ് ക്ലബ്ബില്‍ തുടരുകയാണ്.

ഒന്നര കോടി രൂപ നല്‍കണം അല്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ഭീഷണി. കാക്കനാട് ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണ് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മാത്രമല്ല, പള്‍സര്‍ സുനി നിയമവിദ്യാര്‍ത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നല്‍കിയാണെന്നും വിവരവുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് തനിക്ക് എഴുതി നല്‍കിയാല്‍ പുറത്തുള്ള തന്റെ ആള്‍ക്കാര്‍ ജാമ്യമെടുക്കാന്‍ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here