താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല; ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ലെന്നും ഇന്നസെന്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. വിലക്കേര്‍പ്പെടുത്തിയെന്നതടക്കമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.

ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ലെന്നും കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കരുതെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവം അമ്മയുടെ യോഗത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക പൊതുയോഗം നാളെ ചേരാനിരിക്കെയാണ് അമ്മ എക്‌സിക്യൂട്ടിവ് ചേര്‍ന്നത്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളടക്കമുള്ള സംഭവ വികാസങ്ങള്‍ വാര്‍ഷിക പൊതുയോഗം ചര്‍ച്ച ചെയ്യുമോയെന്ന കാര്യത്തില്‍ ഭാരവാഹികള്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

അതേസമയം നാളെ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര താരം മഞ്ജുവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യമാണ് കാരണമെന്ന് താരം അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here