കുറെയുണ്ടായിരുന്നു ചോദ്യങ്ങള്‍; ദിലീപിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്ന് സൂചന; ഉടന്‍ പുറത്തിറങ്ങിയേക്കും

കൊച്ചി: നടന്‍ ദിലീപിന്റെ മൊഴിയെടുക്കലും ചോദ്യം ചെയ്യലും പൂര്‍ത്തിയായതായി സൂചന. പത്ത് മണിക്കൂറിലധികം നീണ്ട മൊഴിയെടുക്കല്‍ അല്‍പ്പം മുമ്പ് പൂര്‍ത്തിയായെന്നാണ് വ്യക്തമാകുന്നത്. ആലുവയിലെ പൊലീസ് ക്ലബില്‍ വച്ചായിരുന്നുന്നു ദിലീപിന്റെയും നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴി എടുത്തത്. അല്‍പ്പ സമയത്തിനകം ദിലീപ് പുറത്തിറങ്ങുമെന്നാണ് വ്യക്തമാകുന്നത്.
എഡിജിപി ബി.സന്ധ്യയുടെയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ഉച്ചയ്ക്ക് 12.30 ന് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പതിനൊന്ന് മണിവരെ നീണ്ടു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മൊഴിയെടുക്കല്‍ സംഘത്തിലുണ്ടായിരുന്നു. റൂറല്‍ SP എ വി ജോര്‍ജ്. ക്രൈംബ്രാഞ്ച് SP കെ എസ് സുദര്‍ശന്‍, പെരുമ്പാവൂര്‍ CI എന്നിവരാണ് സുനിയെ ചോദ്യചെയ്ത സംഘത്തിലുണ്ടായിരുന്നത്.
ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. മൂന്ന് പേരും നന്നായി സഹകരിച്ചെന്ന് പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളെപറ്റിയും ദിലീപടക്കമുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
താന്‍ നല്‍കിയ ബ്ലാക്‌മെയില്‍ പരാതിയില്‍ മൊഴി നല്‍കാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയെന്നാണ് വ്യക്തമാകുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമായിരുന്നു അന്വേഷണ സംഘം ദിലീപില്‍ നിന്നും മൊഴിയെടുത്തത്.

നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. സഹതടവുകാരന്‍ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനില്‍ കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിന്റെ പക്ഷം തേടിയിട്ടുണ്ട്.

മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് മൊഴിനല്‍കാനെത്തിയപ്പോള്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പൊലീസിനോടും കോടതിയോടും പറയും. താന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ തിരക്കാനാണ് പൊലീസ് വിളിപ്പിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും സുനി ബ്ലാക്‌മെയില്‍ ചെയ്തതായ പരാതിയിലും വ്യക്തത വരുത്താനാണ് ദിലീപിന്റെയടക്കം മൊഴി എടുക്കുന്നത്. ഒന്നര കോടി രൂപ നല്‍കണം അല്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ഭീഷണി. കാക്കനാട് ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണ് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മാത്രമല്ല, പള്‍സര്‍ സുനി നിയമവിദ്യാര്‍ത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നല്‍കിയാണെന്നും വിവരവുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് തനിക്ക് എഴുതി നല്‍കിയാല്‍ പുറത്തുള്ള തന്റെ ആള്‍ക്കാര്‍ ജാമ്യമെടുക്കാന്‍ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News