
കൊച്ചി: ആലുവ പൊലീസ് ക്ലബില്‍ നടന്നത് ചോദ്യം ചെയ്യലല്ല, തന്റെ പരാതിയില്‍ വിശദമായ മൊഴിയെടുപ്പാണ് നടന്നതെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്ത് വരണമെന്ന് മറ്റാരേക്കാളും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും താന്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
മൊഴി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ പൂര്‍ണ്ണമായും സഹകരിച്ചെന്നും ആവശ്യപ്പെട്ടാല്‍ വരും ദിവസങ്ങളിലും സഹകരിക്കുമെന്നും ദിലീപ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പൂര്‍ണസംതൃപ്തിയുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അല്‍പം മുന്‍പാണ് ദിലീപ് പുറത്തിറങ്ങിയത്. അതേസമയം, ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്ജ് പറഞ്ഞു. ആലുവയിലെ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ദിലീപിന്റെയും നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴി എടുത്തത്.
എഡിജിപി ബി.സന്ധ്യയുടെയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി ഒരുമണിവരെ നീണ്ടു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മൊഴിയെടുക്കല്‍ സംഘത്തിലുണ്ടായിരുന്നു. റൂറല്‍ എസ്പി എ വി ജോര്‍ജ്. ക്രൈംബ്രാഞ്ച് എസ്പി കെ എസ് സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ എന്നിവരാണ് സുനിയെ ചോദ്യചെയ്ത സംഘത്തിലുണ്ടായിരുന്നത്.
ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. മൂന്ന് പേരും നന്നായി സഹകരിച്ചെന്ന് പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളെപറ്റിയും ദിലീപടക്കമുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
താന്‍ നല്‍കിയ ബ്ലാക്‌മെയില്‍ പരാതിയില്‍ മൊഴി നല്‍കാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയെന്നാണ് വ്യക്തമാകുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമായിരുന്നു അന്വേഷണ സംഘം ദിലീപില്‍ നിന്നും മൊഴിയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here