
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് നടന്‍ സിദ്ദിഖും നടി നവ്യാ നായരും. ദിലീപ് നല്ല മനുഷ്യനാണെന്ന് ഏഴു വര്‍ഷത്തിന് ശേഷം അമ്മ യോഗത്തിനെത്തിയ നവ്യാ നായര്‍ പറഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ കുറ്റവാളിയാക്കരുതെന്ന് സിദ്ദിഖും പറഞ്ഞു.
അതേസമയം, അമ്മ ജനറല്‍ബോഡി യോഗത്തില്‍ ആക്രമിക്കപ്പെട്ട നടി പങ്കെടുക്കില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം താനും പങ്കെടുക്കില്ലെന്ന് നടി മഞ്ജു വാര്യരും പങ്കെടുക്കില്ലെന്ന് അറിയിച്ചു. മറ്റു പ്രമുഖ വനിതാ താരങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ യോഗത്തില്‍ അഭിപ്രായം പറയുമെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കി. ‘അമ്മ’യുടെ ഭാഗമാണ് വിമെൻ ഇൻ സിനിമ കളക്ടീവും. ഈ സംഘടന ബദൽ സംഘടനയല്ല. സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള കൂട്ടായ്‌മയാണ്. അമ്മ അംഗമായാണ് താൻ യോഗത്തിന് എത്തിയതെന്നും രമ്യ പറഞ്ഞു.
യോഗത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ ദിലീപും വ്യക്തമാക്കി. ഇന്നലെ നടന്ന മൊഴി എടുക്കല്‍ കാരണം അമ്മയുടെ ട്രഷററായ ദിലീപിന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here