ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; ഇനിയും ചോദ്യം ചെയ്യും; കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീര്‍ന്നിട്ടില്ല. കുറച്ചു കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ ആലുവ പൊലീസ് ക്ലബില്‍ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍, ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോള്‍ സൗഹൃദമില്ലെന്ന് ദിലീപ് സമ്മതിച്ചിരുന്നു. നടിയുമായി അകലാനുള്ള കാരണങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു. ദിലീപും നടിയും തമ്മിലുണ്ടായിരുന്ന റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളെ കുറിച്ചും ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയും ചേര്‍ത്താണ് ചോദ്യം ചെയ്തത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടോ എന്നും പൊലീസ് വിശദമായി പരിശോധിക്കും.

അതേസമയം, അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here