സലിംകുമാറിന്റെ വിവാദപരാമര്‍ശം; നടിയുടെ പ്രതികരണം

തിരുവനന്തപുരം: നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന സലിംകുമാറിന്റെ പരാമര്‍ശം ആക്രമിക്കപ്പെട്ട നടിയെ വേദനിപ്പിച്ചുവെന്ന് നടനും സംവിധായകനുമായ ലാല്‍. സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായപ്പോള്‍ ഫോണിലൂടെയാണ് നടി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ലാല്‍ പറഞ്ഞു. സലീമേട്ടന്‍ തന്റെ അടുത്ത സുഹൃത്താണെന്നും നടി പറഞ്ഞതായി ലാല്‍ പറഞ്ഞു.

‘സലിംകുമാറിന്റെ പോസ്റ്റ് അവളെ ഏറെ വേദനിപ്പിച്ചു. സലീമേട്ടന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അവള്‍ വിളിച്ചപ്പോള്‍ പറഞ്ഞു. ഞാന്‍ പിന്നീട് സലിമിനെ വിളിച്ചിരുന്നു. ആ പോസ്റ്റ് മോശമായിപ്പോയെന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞപ്പോള്‍ അവളെ വേദനിപ്പിക്കണമെന്ന് ഒരുദ്ദേശവും ഉണ്ടായിരുന്നില്ലെന്നാണ് സലിംകുമാര്‍ പറഞ്ഞത്. നേരിട്ട് മാപ്പ് പറയാമെന്നും പറഞ്ഞു’.- ലാല്‍ പറയുന്നു.

ദിലീപ് ഈ കേസില്‍ നൂറ് ശതമാനം സത്യസന്ധനാണെന്ന് താന്‍ വിശ്വസിക്കുന്നു. ആരോപണങ്ങളില്‍ ദിലീപ് ഏറെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയല്ല ദിലീപ്. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള പലരുമുണ്ട്. സിനിമാരംഗത്ത് തന്നെ ഇങ്ങനെയുള്ളവരുണ്ട്. ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതുവരെ നേരിട്ട് സംസാരിക്കാനായില്ലെന്നും ലാല്‍ പറഞ്ഞു.
നടന്‍ ദിലീപിനെ പിന്തുണച്ചാണ് സലിംകുമാര്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തെ ചിലര്‍ രചിച്ച ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റ് ഡിവോഴ്‌സ് ആയിരുന്നെന്നും സലിംകുമാര്‍ പറഞ്ഞു.

വിവാദപരാമര്‍ശം ഇങ്ങനെയായിരുന്നു: ‘ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം, പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും..അവിടെ തീരും എല്ലാം.’

പോസ്റ്റ് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സലിംകുമാര്‍ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News