ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ‘അമ്മ’; നടിക്കും പൂര്‍ണപിന്തുണ; പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങള്‍; അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗണേഷ് കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് മലയാളതാര സംഘടനയായ അമ്മ. സംഭവത്തില്‍ കേസ് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അതുകൊണ്ട് ഈ സമയത്തെ പ്രതികരണങ്ങള്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും ഡിജിപിയുമായും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന നടനും അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ വേദന തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എല്ലാവരോടും പ്രശ്‌നം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. അമ്മ രണ്ട് അംഗങ്ങള്‍ക്കുമൊപ്പമാണെന്നും ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണെന്ന് കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ആര് ശ്രമിച്ചാലും ഈ സംഘടന പൊളിക്കാനാവില്ല. വനിതാ താര സംഘടന ആര്‍ക്കും എതിരല്ല. ഞങ്ങളുടെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും. ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അതില്‍ താന്‍ മാപ്പ് പറഞ്ഞുകഴിഞ്ഞെന്നും ദിലീപ് പറഞ്ഞു. വനിതാ താര സംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിനും അമ്മ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News