പശുവിന്റെ പേരില്‍ അരുംകൊല; മോദിക്കാലത്ത് അരങ്ങുതകര്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടതില്‍ 97% മുസ്ലിങ്ങള്‍

ദില്ലി: നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം പശുക്കളുടെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 97%വും മുസ്ലീങ്ങള്‍. പശുവിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഇന്ത്യസ്‌പെന്റിന്റെ ഇംഗ്ലീഷ് മീഡിയ വിശകലന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2010 മുതല്‍ 17 വരെ പത്തുവര്‍ഷത്തിനുള്ളില്‍ പശുവിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 24 പേര്‍ മുസ്ലീങ്ങളാണ്. ആക്രമണങ്ങളില്‍ 124ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമങ്ങളുടെ പകുതിയും ഊഹാപോഹ പ്രചരണങ്ങളെ തുടര്‍ന്നായിരുന്നെന്നും കണ്ടെത്തലിലുണ്ട്. 2017 ആരംഭിച്ച് ഇതുവരെ രാജ്യത്ത് വിവിധയിടങ്ങളിലായി 20 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2016ലെ കണക്കുമായി താരതമ്യം നടത്തുമ്പോള്‍ 76 % വര്‍ധനവനാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍, പശുസംരക്ഷകരെന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗം തുടങ്ങിയവയെല്ലാം ഈ ആക്രമണങ്ങളില്‍ ഉള്‍പ്പെടും. രണ്ട് ആക്രമണങ്ങള്‍ ഇരകളെ കെട്ടിയിട്ട് നഗ്‌നരാക്കി തല്ലിചതച്ചതാണ്. മറ്റു രണ്ടെണ്ണം ഇരകളെ കെട്ടിത്തൂക്കിയ സംഭവങ്ങളാണ്.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പശുവിന്റെ പേരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ജനക്കൂട്ടം തല്ലിക്കൊല്ലുന്നതു സംബന്ധിച്ച് ഇന്ത്യന്‍ പീനല്‍ കോഡില്‍ പരാമര്‍ശിക്കുന്നില്ലെന്നാണ് ഇന്ത്യാ ടുഡേ 2017 ജൂണ്‍ 25ന് ചൂണ്ടിക്കാട്ടിയത്. ആള്‍ക്കൂട്ട ഭീകരതയ്‌ക്കെതിരെ യാതൊരു നിയമവും പാസിക്കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് നീതിയെന്നത് വിദൂരസ്വപ്നമായി നിലനില്‍ക്കുകയാണെന്ന് വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here