ലോകം കാത്തിരിക്കുന്ന മാംഗല്യം നാളെ; മെസിയുടെ മിന്നുകെട്ടിന് ക്രിസ്റ്റ്യാനോയ്ക്കും ബാഴ്‌സ കോച്ചിനും മാനേജ്‌മെന്റിനും ക്ഷണമില്ല

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന സൂപ്പര്‍ കല്യാണം നാളെയാണ്. മക്കളായ നാലു വയസുകാരന്‍ തിയാഗോയുടെയും ഒരു വയസുകാരന്‍ മത്യോയെയും സാക്ഷിയാക്കി ലയണല്‍ മെസി കളിക്കൂട്ടുകാരി അന്റനെല്ല റോക്കുസോയയുടെ കഴുത്തില്‍ മിന്നുകെട്ടും. ബാല്യകാല സുഹൃത്തായ അന്റനെല്ല റോക്കുസോയയും മെസിയും ഒരുമിച്ച് താമസം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. മെസി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന് ജന്മം നല്‍കിയ അര്‍ജന്റീനയിലെ റൊസാരിയോ ഗ്രാമത്തിലാണ് മെഗാ കല്ല്യാണം.

കഴിഞ്ഞ ശനിയാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിച്ച മെസിയുടെ വിവാഹം റൊസാരിയോയിലെ സിറ്റി സെന്റര്‍ ഹോട്ടലിലാണ്. ലോകം മുഴുവന്‍ കാത്തിരിക്കുന്ന കല്ല്യാണമായതിനാല്‍ സിറ്റി സെന്റര്‍ ഹോട്ടലിന് മുന്നില്‍ വലിയ സ്‌ക്രീനില്‍ ചടങ്ങുകളെല്ലാം ആരാധകര്‍ക്ക് തല്‍സമയം കാണാം. കുട്ടിക്കാലം മുതല്‍ മെസിയുടെ തട്ടകമായ ബാഴ്‌സലോണയില്‍ നിന്ന് തന്നെയാണ് അതിഥികള്‍ ഏറെയും. പക്ഷേ ബാഴ്‌സ മാനേജ്‌മെന്റിലെ ആരെയും മെസി ക്ഷണിച്ചിട്ടില്ല.

മെസിയെ ബാഴ്‌സയിലെത്തിച്ച മുന്‍ പ്രസിഡന്റ് ജോവലാന്‍ ലോപാര്‍ട്ടക്ക് ക്ഷണമുണ്ട്. എന്നാല്‍ നിലവില്‍ പ്രസിഡന്റായ ജോസഫ് മരിയ ബാര്‍മാതോയെയും സംഘത്തെയും ക്ഷണിച്ചിട്ടില്ല. പുതിയ മാനേജ്‌മെന്റ് മെസിയുടെ താല്‍പര്യങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണിതെന്ന് സൂചനയുണ്ട്.
ലൂയിസ് എന്‍ട്രികെയെ പരിശീലകനായി നിയോഗിച്ചതും ഈ ബോര്‍ഡായിരുന്നു. എന്‍ട്രികെയും വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. സഹപരിശീലകന്‍ ജുവാന്‍ കാര്‍ലോസ് ഉന്‍സുവിനും വിവാഹ ക്ഷണമില്ല. എന്നാല്‍ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിലെ എല്ലാവര്‍ക്കും ക്ഷണമുണ്ട്.

സഹതാരങ്ങളായ സുവാരസ്, നെയ്മര്‍ തുടങ്ങിയവരൊക്കെ റൊസാരിയോയില്‍ എത്തുന്നുണ്ട്. എന്നാല്‍ മധ്യനിരക്കാരന്‍ ആന്ദ്രെ ഇനിയേസ്റ്റ ചടങ്ങിനില്ല. ജെറാര്‍ഡ് പിക്വക്കേും അദ്ദേഹത്തിന്റെ പങ്കാളി വിഖ്യാത പോപ്പ് ഗായിക ഷക്കീറക്കും ക്ഷണമില്ല. മെസിയുടെ സീനിയര്‍ മിത്രങ്ങളായ റൊണാള്‍ഡിഞ്ഞോ, റയല്‍ മാഡ്രിഡ് മുഖ്യ പരിശീലകന്‍ സെനദന്‍ സിദാന്‍, മുന്‍ കോച്ച് പെപ് ഗാര്‍ഡിയോള തുടങ്ങിയവരെല്ലാം എത്തുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഗോള്‍വേട്ടയില്‍ മെസിക്കൊപ്പം മത്സരിക്കുന്ന റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വിവാഹത്തിന് ക്ഷണമില്ല. വിവാഹ ശേഷം ബാഴ്‌സലോണയിലും മെസിയുടെ സല്‍ക്കാരമുണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News