അജുവിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ വനിതാ താര സംഘടനയും നടിയുടെ പേര് വെളിപ്പെടുത്തി

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ അജു വര്‍ഗീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച വനിതാ താര സംഘടനയും നടിയുടെ പേരും വെളിപ്പെടുത്തി. വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നടിയുടെ പേരു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ്.

നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ അജുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് വുമന്‍ ഇന്‍ സിനിമാ കളക്ടീവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പേര് ഉപയോഗിച്ചതില്‍ ഖേദിക്കുന്നു എന്ന് പറഞ്ഞ് അജു പോസ്റ്റ് എഡിറ്റ് ചെയ്ത്, സഹപ്രവര്‍ത്തക എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അന്നേ ദിവസം രാത്രി, വുമന്‍ ഇന്‍ സിനിമാ കളക്ടീവ് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് നടിയുടെ പേരു പറയുന്നത്.

വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ആദ്യ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. 2013ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു.

പിന്നീട് നടിയുടെ പേരില്‍ വന്ന പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു. ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട്. പൊലീസില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്.

ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല. പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.’
നന്ദിയോടെ ,
(നടിയുടെ പേര്)

നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെതിരെ കേസ് എടുക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News