വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കേരളത്തിന് പുതുചരിത്രം; ആദ്യ മൂന്നുമാസത്തില്‍ 63 ശതമാനം പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസം കൊണ്ട് സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 63 ശതമാനം വരുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് കേരളം പുതിയ ചരിത്രം രചിച്ചു. 2017 18 സാമ്പത്തിക വര്‍ഷത്തെ 63 ശതമാനം പദ്ധതികള്‍ക്ക് ജൂണ്‍ 27നകം ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകന യോഗത്തില്‍ വ്യക്തമായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 95 ശതമാനം പദ്ധതികള്‍ക്കും ഇതിനകം ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ അംഗീകാരവും ലഭിച്ചു. ഇതും റെക്കോഡാണ്. നബാര്‍ഡിന് സമര്‍പ്പിക്കേണ്ട ഗ്രാമീണ പശ്ചാത്തലസൗകര്യ വികസന ഫണ്ട് (ആര്‍ഐഡിഎഫ്) പദ്ധതികളില്‍ 99 ശതമാനവും അംഗീകരിച്ചുകഴിഞ്ഞു.

സാധാരണ നിലയില്‍ ജൂണ്‍ മാസമാകുമ്പോള്‍ വാര്‍ഷിക പദ്ധതിയുടെ 20 ശതമാനം വരുന്ന പ്രവൃത്തികള്‍ക്കോ പദ്ധതികള്‍ക്കോ പോലും ഭരണാനുമതി കിട്ടാറില്ല. ആ സ്ഥാനത്താണ് 63 ശതമാനം എന്ന നേട്ടം സംസ്ഥാനം കൈവരിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൃത്യമായ ഇടവേളകളില്‍ പദ്ധതി പ്രവര്‍ത്തനം അവലോകനം ചെയ്യുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുകയും തടസ്സങ്ങള്‍ അപ്പപ്പോള്‍ മാറ്റുകയും ചെയ്തതുകൊണ്ടാണ് ഇത്രയും മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.

2017 ഏപ്രില്‍ 5ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആദ്യ മൂന്നുമാസം കൊണ്ട് (ജൂണ്‍ 30ന് മുമ്പ്) 60 ശതമാനം പദ്ധതികള്‍ക്കും പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശം പൂര്‍ണമായി പാലിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞുവെന്നാണ് ജൂണ്‍ 28ന് നടത്തിയ അവലോകനത്തില്‍ വ്യക്തമായത്.

ഭരണാനുമതി നേരത്തെ നല്‍കാന്‍ കഴിഞ്ഞതുകൊണ്ട് പദ്ധതി നിര്‍വഹണത്തിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങിയിട്ടുള്ളതെന്നും പദ്ധതി നിര്‍വഹണത്തില്‍ കേന്ദ്രീകരിക്കണമെന്നും വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതതുവര്‍ഷത്തെ പ്രധാന പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോര്‍ട് സമര്‍പ്പിക്കണം. പൊതുമരാമത്തുവകുപ്പിന്റെ ചെറിയ പ്രവൃത്തികളില്‍ കാലതാമസം വരുന്നുണ്ട്. അത് ഒഴിവാക്കാന്‍ ചെറിയ പ്രവൃത്തികള്‍ പ്രാദേശിക തലത്തില്‍ മറ്റേതെങ്കിലും സംവിധാനത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പ്രവൃത്തി നടന്നുവരുന്ന പദ്ധതികളുടെ അവലോകനത്തിന് ആസൂത്രണ ബോര്‍ഡ് അഞ്ചംഗ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി വരികയാണ്. ദീര്‍ഘകാലമായി പ്രവൃത്തി തുടരുന്ന ജലസേചന പദ്ധതികള്‍ ഉള്‍പ്പെടെ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖ തയാറാക്കാന്‍ ഈ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017 സപ്തംബറില്‍ സമിതി റിപ്പോര്‍ട് സമര്‍പ്പിക്കും.

ഓരോ വകുപ്പിന് കീഴിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതും ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്നതുമായ മൂന്നു പദ്ധതികള്‍ തെരഞ്ഞെടുത്ത് അതിന്റെ പുരോഗതി അടുത്ത അവലോകന യോഗത്തില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അവലോകനയോഗത്തില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

അടുത്ത പദ്ധതി അവലോകനം സപ്തംബറില്‍ നടക്കും. മുഖ്യമന്ത്രി നേരിട്ട് ഓരോ മൂന്നുമാസത്തിലും പദ്ധതി അവലോകനം ചെയ്യുന്ന രീതി കേരളത്തില്‍ നടാടെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News